Friday, November 30, 2018

ഒരിക്കലൊരു
മഹിഷാസുരനെ
കണ്ടുമുട്ടി.

ലോകനീലാംബരം
കണ്ട് മതി മറന്ന ലോല
പോം പോം
പോലിരിക്കുന്ന
നെഞ്ചിലേക്ക്
അസ്ത്രങ്ങൾ
തുരുതുരാ തറക്കാനാരംഭിച്ചു.

തീതുപ്പുമസ്ത്രം
ഇടിയൊച്ചയസ്ത്രം
മിന്നലസ്ത്രം
ഗരുഡൻകൊത്തലസ്ത്രം
സർപ്പമസ്ത്രം

അങ്ങനെ നൂറുനൂറാസ്ത്രങ്ങൾ
അവർക്കിടയിൽ,
ഇവിടുന്ന് പോം
അവിടുന്ന് വരും.

കൂട്ടിമുട്ടി ശൂയെന്നായി പോം.

ഈ അസ്ത്ര വിവരണം
പ്രേമത്തിന്റെ മഴ പെയ്യിക്കൽ
സൂചിപ്പിക്കാനും ഉപയോഗിക്കാം.

ഈ വല്ലപ്പോൾമഴയിൽ
നെഞ്ച് വിരിച്ച് കൊടുത്തത് ഞാൻ.

കുതിർന്നും പോയതും ഞാൻ.

ഉപേക്ഷിക്കപ്പെട്ട കാമുകിയോ, അതും ഞാൻ.

നിർത്ത് നിർത്ത് മഹിഷാ..

എന്റെയുള്ളിലെ 
ശബ്ദമഹാമേഘത്തെ
പെയ്തൊഴിക്കാൻ
തക്ക പ്രേമത്തിൻറെ
ഒരു കോപ്പും
നിങ്ങളുടെ കൈയ്യിലില്ല.

ക്രൂരമായ പ്രേമത്തിന്റെ
അഹംഭാവം നിറ കൊണ്ട
ഞാൻ വെല്ലു വിളിക്കുന്നു.

ഇനി നിങ്ങളുടെ
ഒരു അസ്ത്രവുമെന്നിലൂടെ
കടന്നുപോവില്ല.

മഹിഷാസുരമർദ്ദിനി
കടുത്ത ദേഷ്യത്തിലും
വ്യഥയിലുമാണ്.

ദേഷ്യം കൊണ്ട്
നഖം കടിച്ചു തുപ്പുന്നുണ്ട്.

പാത്രങ്ങൾ കഴുകി
ഉച്ചത്തിൽ വെക്കുന്നുണ്ട്.

ഇടയ്ക്കിടയ്ക്ക് വാട്സ്ആപ്പ് നോക്കുന്നുണ്ട്. (പ്രത്യേകിച്ച് അവന്റെ)

ശൂലത്താൽ മോനുള്ള മുട്ട പൊരിക്കുന്നുമുണ്ട്,

പുറം ചൊറിയുന്നുമുണ്ട്.

No comments:

Post a Comment