Tuesday, April 9, 2019

കൊറ്റി കൊത്തിയ
ചേമ്പില പോലെ
ഞാൻ നെടുങ്കനെ
പിളർന്നോയ്,
ചേമ്പില കുമ്പിളിൽ
വെള്ളവുമായി
കളിക്കാൻ വരുമെന്ന്
കാത്ത കുട്ടിയെ
കാണാഞ്ഞ്
ഞാൻ
എന്തോ തട്ടിയ പോൽ
മുറിഞ്ഞ് പോയ്.
എന്റെ വേദന
ആ കുട്ടിയെ
അന്വേഷിറങ്ങുന്നു.
ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതക്കുമ്പോണ്ടാവുന്ന
വെളുത്ത മഞ്ഞു പോൽ
താടിയുള്ള
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌.
രാത്രിയാവുമ്പോ
നമ്മുക്കുള്ളിൽ കടന്ന്‌ വരും.
കഥകൾ പറഞ്ഞുതരും
കൂടാരമൊത്തം അകത്താക്കി
തണുപ്പിനെ
പുറത്തിരുത്തിയ
ഒട്ടകത്തിന്റെ കഥ,
ഓട്ടമത്സരത്തിൽ
ഉറക്കം നടിച്ചു തോറ്റു പോയ മുയലിന്റെ കഥ,
ചിരിക്കാത്ത സുഹാസിനിയെ ചിരിപ്പിച്ചു മുത്തു പെയ്യിച്ച രാജാവിന്റെ കഥ,
കൊട്ടമ്പലത്തിൽ നിന്ന് തേങ്ങ മോഷ്ടിച്ചതാര് ?
കഥ.. കഥ.. യാവൂ..
കേട്ടു കേട്ടു
എന്നിട്ടെന്തായി
എന്നിട്ടെന്തായി
ചോയ്ച്ചു ചോയ്ച്ചു
അപ്പാപ്പന്റെ
കുമ്പേ മേൽ ചാഞ്ഞ്,
അമ്മയുറക്കും പോലന്നെ ഉറങ്ങും.
ഇടയിൽ ഉറക്കം മുറിഞ്ഞെണീക്കവെ,
ഗേറ്റിനപ്പുറത്ത് നിൽക്കുന്നത് കാണാം.
ഇതീന്നും വെളുത്ത താടീള്ള
ഇതീന്നും വെളുത്ത കുപ്പായമിട്ട
മറ്റൊരപ്പാപ്പൻ,
കൈ നിറച്ചു തണുപ്പിന്റെ പഞ്ഞി മുട്ടായിയുമായി.
ഗേറ്റിനപ്പുറം
തണുപ്പിന്റെ ലോകമാണ്.
ഒരു കുടന്ന വായു പോലെ
അയാൾക്ക് ചുറ്റും പറക്കാം.
എന്റെ കൈ ഉറക്കത്തീന്ന് നീണ്ട് നീണ്ട്,
ഒരു പൂവ് കൊഴിയുന്ന അത്രയും പതുക്കെ.
പച്ചമുളകളിൽ പൂ വിടരുന്നതും
കൊഴിയുന്നതും
കണ്ടിട്ടുണ്ടോ മെഹ്റൂ ?
മുളയരികൾ നിറഞ്ഞ
ഉസ്കൂളിന്
പുറക് വശം
പരമേശ്വരൻ
മെഹ്റൂന് കാട്ടി കൊടുത്തു.
സസ്യങ്ങളുടെ പേരുകൾ
ഓർത്തെടുത്ത്
അവർ ആ പുൽകാടിൽ മേഞ്ഞു.
തീർത്തും പരിചിതത്തോടെ
പരമേശ്വരൻ
ഊഷ്മളതയെ
അവളുടെ കവിളിലേക്കൂതി..
ഒരു പരാദം പോൽ
അവന്റെ വിരലുകൾ
അവളുടെ ബ്ലൗസ്സിൻ
കുടുക്കുകളിലേക്ക്
പറന്നു.
ബ്ലൗസ്ലിനുളളിൽ നിന്ന്
മദം പൂണ്ട
രണ്ടു കാളക്കൂറ്റന്മാർ
പുൽകാടിനെ
അധീകരിച്ച് കൊണ്ട് ചിതറിയോടി.
പൊന്നരിപൂവേ
നീയൊച്ചയിടല്ലേന്ന്
മെഹ്റുവിൻ
വാ മുറുക്കി.
പരമേശ്വരന്റെ
തുമ്പകൾ
പിഴുതെറിഞ്ഞ
മെഹ്റുവിൻ പിരാന്തുകൾ
പച്ചമുളകൾക്ക് മീതേ
വളരാൻ തൊടങ്ങി.
രാത്രിയുടെ
തോട്ടിൽ കൊണ്ടിട്ട
ഡേവിഡെന്ന
നിലാപൂച്ചയാണെന്റെ പ്രേമം.
നാല് ചൊവട് കേറി
മൂന്നാമത്തേൽ
വഴുതി വീഴുമെന്നാലും,
ഏഴു ചൊവടൊറ്റ
കുതിപ്പിൽ കേറി
തണുത്ത് വിറച്ച്
കിതച്ചു നിൽക്കും.
നിങ്ങളെ തേടി വരും.
നിങ്ങളുടെ
കാൽ തുമ്പത്ത് വന്ന്
മുഖമുരസും.
'ബ്ലും' ന്നൊച്ചയുളള
ആയിരയുമ്മകളുടെ
ആഴത്തിൽ
നിന്നെണീക്കാനാവാതെ
നിറയെ കിളികളുള്ള
പൂന്തോട്ടത്തിൽ,
കുന്നുകളെ ചുറ്റി വരും കാറ്റിൽ,
മടിയിൽ നിറഞ്ഞു കവിയും
സങ്കൽപ്പങ്ങൾ.
മഞ്ഞനിറമുള്ള വൈകുന്നേരങ്ങളിൽ ആരെയോ നിങ്ങൾക്ക് നഷ്ടപ്പെട്ടതായി തോന്നാറുണ്ടോ?
പിന്നീട് ഇതേ വൈകുന്നേരങ്ങൾ കാണുമ്പോൾ വല്ലാത്ത തരം ഒരു മനം പിടച്ചിൽ വരാറുണ്ടോ ?
എനിക്ക് മാത്രം തോന്നുന്നയൊന്നാണോയിനീത്?
ആ മഞ്ഞ നിറങ്ങളിൽ നിന്ന് ഇറങ്ങി പോയവർ പിന്നീട് വന്നിട്ടേയില്ല.
അത്തരം വൈകുന്നേരങ്ങളെ നോക്കിനിൽക്കുക അത്ര എളുപ്പമല്ല.
ആറ്റിന്റെ ഒത്ത നടുക്കൊരു
തോണി പോലെൻ
ഹൃദയത്തിൽ
ഒരുവന്റെ തൃക്കണ്ണ്
ആടിയുമുലഞ്ഞും നിന്നു.
പ്രേമത്തിന്റെ
ഒരു കൈലാസവുമതിലില്ല.
തുറക്കില്ലത്.
ഓരം പറ്റി നിന്നാൽ കിട്ടണ ചൂടിൽ
വേണേ മൂന്നാല് മൊട്ട പുഴങ്ങാൻ വച്ചോ.
അതിനപ്പുറമൊന്നും
അയാളിൽ നിന്ന് വ്യാമോഹിക്കരുത്.
അയാളങ്ങനെയാണ്.
ഒരുമ്പെട്ടിറിങ്ങി പോയ
ഒരു സ്നേഹത്തെ
പൊന്തക്കാട്ടിൽ നിന്ന്
കണ്ടെടുത്തു.
നീലിച്ചിരുന്നു,
നല്ല നൊന്തിരിക്കണം. നാഡി നിലച്ചിരുന്നു.
തല്ലു കിട്ടാത്തേന്റെയായിരുന്നെന്ന്
നാട്ടുകാർക്ക് മുന്നേ
അത് സ്വയം പറഞ്ഞെങ്കിലും,
പാവമായിരുന്നു.
നെഞ്ചത്തിരിക്കണ
കനലിനെ
പരിപൂർണ്ണമായി പോലും
വിവരിക്കാനാവാതെ,
അവളൊരു പുക കൂടെ എടുക്കുന്നു.
പിരിഞ്ഞതായി
ഉറപ്പിച്ച്
കൊക്കക്കോള ടിൻ'നെ
ഊക്കോടെ കാലിൽ
തട്ടി തട്ടി
അറിഞ്ഞൂടാത്ത വീടിന്
മുന്നിലൂടെ നടന്നു പോവുന്നു.
സഹിക്കാവുന്നതിനപ്പുറം
ആ പുക വീണ്ടുമെടുക്കുന്നു.
ചൊവപ്പിൻ കോലമേ
കൂത്താടി തെയ്യമേ
ആറാട്ടിലന്നാടി 
പറ കൊട്ടി
തിമിർത്തെന്റ
മുറ്റത്തീന്ന്
കൊണ്ടോയ
ചെമ്പരത്തികളൊക്കെയും
തിരിച്ച് താടോ.. തരാൻ