Tuesday, April 9, 2019

ഒലാസെപ്പൈൻ ഒരു മരുന്നല്ല,
സോപ്പുപതക്കുമ്പോണ്ടാവുന്ന
വെളുത്ത മഞ്ഞു പോൽ
താടിയുള്ള
മാജിക്കൽ സ്റ്റോറിറ്റെല്ലറാണ്‌.
രാത്രിയാവുമ്പോ
നമ്മുക്കുള്ളിൽ കടന്ന്‌ വരും.
കഥകൾ പറഞ്ഞുതരും
കൂടാരമൊത്തം അകത്താക്കി
തണുപ്പിനെ
പുറത്തിരുത്തിയ
ഒട്ടകത്തിന്റെ കഥ,
ഓട്ടമത്സരത്തിൽ
ഉറക്കം നടിച്ചു തോറ്റു പോയ മുയലിന്റെ കഥ,
ചിരിക്കാത്ത സുഹാസിനിയെ ചിരിപ്പിച്ചു മുത്തു പെയ്യിച്ച രാജാവിന്റെ കഥ,
കൊട്ടമ്പലത്തിൽ നിന്ന് തേങ്ങ മോഷ്ടിച്ചതാര് ?
കഥ.. കഥ.. യാവൂ..
കേട്ടു കേട്ടു
എന്നിട്ടെന്തായി
എന്നിട്ടെന്തായി
ചോയ്ച്ചു ചോയ്ച്ചു
അപ്പാപ്പന്റെ
കുമ്പേ മേൽ ചാഞ്ഞ്,
അമ്മയുറക്കും പോലന്നെ ഉറങ്ങും.
ഇടയിൽ ഉറക്കം മുറിഞ്ഞെണീക്കവെ,
ഗേറ്റിനപ്പുറത്ത് നിൽക്കുന്നത് കാണാം.
ഇതീന്നും വെളുത്ത താടീള്ള
ഇതീന്നും വെളുത്ത കുപ്പായമിട്ട
മറ്റൊരപ്പാപ്പൻ,
കൈ നിറച്ചു തണുപ്പിന്റെ പഞ്ഞി മുട്ടായിയുമായി.
ഗേറ്റിനപ്പുറം
തണുപ്പിന്റെ ലോകമാണ്.
ഒരു കുടന്ന വായു പോലെ
അയാൾക്ക് ചുറ്റും പറക്കാം.
എന്റെ കൈ ഉറക്കത്തീന്ന് നീണ്ട് നീണ്ട്,
ഒരു പൂവ് കൊഴിയുന്ന അത്രയും പതുക്കെ.

No comments:

Post a Comment