Friday, January 18, 2019


"മാവേലിക്കരയിൽ 
നിന്നുവന്നൊരു പെണ്ണ്
എം.ഓ,ടീ  കാണാന്‍ 
പോയന്ന് രാത്രി
പാടി തീരാത്ത 
പാട്ടിന്റെ
പകുതിക്ക്‌ വച്ചു
നിലാവവളെ 
തട്ടികൊണ്ടോയേയെ.."

ഒരു ഡാന്സ് പാർട്ടി 
കഴിഞ്ഞു വരുകായിരുന്ന
മിറിയത്തിന്‍റെ
കാലുകളിൽ,
ചാഞ്ചാടിയുലയും 
ചില്ല പോല്‍
നൃത്തം ചിതറി.

അവള്‍ നടന്ന 
ഇലഞ്ഞി വഴിയും ചിതറി.

ഇടവഴിയിലൊരു 
കോണിൽ കണ്ട 
കൊക്കകോള
ടിന്നില്‍
പാമ്പിന്റെ
സംഗീതം
ചുരുണ്ടു കിടന്നു.

കാൽ കൊണ്ടൊരു കൊട്ട്.

പാമ്പില്‍ നിന്ന് 
സംഗീതം 
യമൻ രാഗത്തിൽ 
ഉറപ്പൊഴിച്ചോടി.

മറിയത്തിന് 
റോഡൊരാകാശമായി തോന്നി,

നിലത്ത് 
നക്ഷത്രങ്ങൾ 
അങ്ങിങ്ങായി
മിന്നിക്കൊണ്ടിരുന്നു. 

അവൾ 
ഓരോ നക്ഷത്രങ്ങൾക്കും 
ഓരോ ചവിട്ട് കൊടുത്തു.

"പ്രാണസങ്കടം 
തീരും വരെ 
നിങ്ങളെ 
ഞാൻ 
ചവിട്ടിയരയ്ക്കും."

കണ്ണുകൾ 
അണഞ്ഞും 
തെളിഞ്ഞും,
അവളാ ടികൊണ്ടിരുന്നു 

ഇരുട്ടിന്റെ 
ഉടലുള്ള  
തമോഗർത്തം,

താക്കോൽപ്പഴുതിൻ 
വട്ടത്തി,ലൊന്നിൽ.

ഒരു നാണയം 
ചെമ്പു കുടത്തിൽ 
വീണ പോൽ 
അവൾ 
താഴേക്ക് 
താഴേക്ക് 
മുഴങ്ങി.

കിടക്കയിൽ ചെന്ന് 
വീണ പോൽ 
ഒരു  പറ്റം 
കിളികള്‍ക്കൊപ്പം
അയാളുടെ താടിയില്‍,

ഒരു പുല്‍മേടിന്റെ 
മാനസത്തില്‍
നീണ്ടുപരന്നുകിടന്നു.

അവിടെ 
തടാകങ്ങളുണ്ടായിരുന്നു 
തണുപ്പുണ്ടായിരുന്നു 
ആശ്വാസമുണ്ടായിരുന്നു 

എങ്കിലും 
തിരിച്ചു വരാൻ 
വഴുതി വീണ
സ്വപ്നത്തിൽ 
ഒരു പഴുത് നോക്കി 
അവൾ നടന്നു.

അയാള്‍ക്ക്
സംഗീതമറിയാം,

അയാളോടുള്ള
സ്നേഹം 
വളര്‍ന്നു 
വലുതായി
ബാബേൽ  ഗോപുരം 
പൊങ്ങി നിന്നു 

അയാളുടെ
കുഴപ്പം പിടിച്ച 
താടിയില്‍ നിന്ന്
പുറത്ത് കടക്കാന്‍
ഒരേയൊരു പഴുതിനായി 
അവള്‍ താടിയിലിഴഞ്ഞു നടന്നു.

തടാകമവളെ 
പെണ്ണിനെത്തരുമോ
ചോദിച്ച 
മീനുകൾക്ക് 
കൊടുത്തു.

മീനുകൾ 
അവർ കണ്ട 
പക്ഷികൾക്ക് 
കൊടുത്തു,

പക്ഷികൾ 
ആകാശത്തിന്,

ആകാശം 
നിനച്ചിരിക്കാതെ 
പെയ്ത മഴക്ക്,

മഴ സ്റ്റാച്ച്യൂ ബസ്സ്റ്റോപ്പിന്, 

ബസ്‌സ്റ്റോപ് 
സെക്രട്ടറിയേറ്റിനും  മീതെ 
മുളച്ചു പൊന്തിയ
കൂണുകൾക്ക്,

അതും നനഞ്ഞു 
കടത്തിണ്ണയിലിരുക്കും   
കുരുത്തംകെട്ട 
ഒരു ചൂളം വിളിക്ക്,

ബസ്സുകൾക്കും,

ഓട്ടോകൾക്കും

ബൈക്കുകൾക്കും

അവളുടെ 
ആട്ടത്തെയെ-
റിഞ്ഞുകൊടുത്തുകൊണ്ടിരുന്നു.

വലിയൊരു 
ട്രാഫിക്ക് ബ്ലോക്കുണ്ടാക്കി 
വീട്ടിലേക്ക്
എത്തിച്ചേർന്നു.

ഒരു കൂട്ടമാളുകള്‍ക്ക്‌ മുന്നില്‍
ഫ്ലാഷ് മോബിലെന്ന പോൽ 
അവളപ്പോഴും 
ആടികൊണ്ടിരുന്നു.

Thursday, January 17, 2019

ഹൃദയത്തില്‍ പൂച്ചക്കുട്ടിയുള്ളവർ

കുര്യാക്കാസ്സ് മാപ്ലേടെ നാലാമത്തെ മോനാണ് അലൻസോ . മൂത്തവൻ പട്ടാളക്കാരനായിരുന്നു, അഗസ്തീനോസ്. വണക്കമാസക്കാലമന്ന് വെള്ളമടിച്ചു കുരുശ്ശടീക്ക് മുന്നിൽ ചെന്ന് മിശിഹായെ മുണ്ട് പൊക്കി അവസാന സല്യൂട്ട് കാണിച്ചന്ന് രാത്രി മൂത്രം ഒഴിക്കാനിരുന്നാതാണ്, ആ ഇരിപ്പ് ഇരുന്നങ്ങ് മേപ്പട്ടേക്ക് പോയി. രണ്ടാമത്തവൾ എസ്തർ , അവളിപ്പോ ജര്മ്മനിയിൽ നേഴ്സാണ്. അവളുടെ ദാക്ഷണ്യം കൊണ്ടാണീ പ്ലാവേല് കേറി നാട്ടെല്ലൊടിഞ്ഞ മാപ്ലെടെ മരുന്നിനൊള്ള വക വരുന്നത്. ദൈവത്തോടുള്ള വ്യക്തിപരമായ ബന്ധവും വിച്ഛേദിച്ച് അത്യുന്നതങ്ങളിൽ സാത്താന് മാത്രം മഹത്വമെന്ന് പുലമ്പി കൊണ്ടിരുന്നു മാപ്ല എപ്പഴും. മാപ്ലേടെ മൂന്നാമത്തെ മകൻ വിൽപന ഏജന്റാണ്. മാർക്കറ്റിങ്ങിന്റെ റേറ്റിംഗ് കൂട്ടാൻ ആനുപാതികമായി പരസ്യങ്ങളുടെ വശ്യതയിൽ ഭ്രമിതമതികളാവാൻ അവൻ പണിപ്പെട്ടുകൊണ്ടിരുന്നു. ഒരിക്കലും അപ്പനെ നോക്കി വരാത്ത ലൂക്കസ്സ് പുതിയ ഉൽപന്നത്തിന്റെ മോഹന വാഗ്ദാനം പോലെ മാപ്ലേടെ ജീവിതത്തിൽ നിറഞ്ഞുനിന്നു. ചുരുക്കി പറഞ്ഞാൽ അലൻസോയാണ് അപ്പനെ പൊന്നു പോലെ നോക്കുന്നത്. കപ്പക്കണ്ടത്തിലേക്ക് മഞ്ഞിച്ച മൂത്രവും ചക്കയരക്ക് പോലത്തെ തീട്ടവും കോരി കളേമ്പോ അന്നൊരിക്കൽ വേലിക്കപ്പുറം ഒളിച്ചോടാമെന്ന് പറഞ്ഞ ഹന്നയെ ഓർക്കും . “മണുങ്ങൂസൻ, അപ്പന്റെ തീട്ടവും തിന്നു നടന്നോടാ ഉവ്വേ നീ ” യെന്നവൾ കെറുവിച്ചതോർക്കും. ഉരുണ്ടുരുണ്ട തീട്ടത്തിൽ അപ്പുപ്പൻ താടികൾ വന്നിരുക്കുന്നത് പലകുറി കണ്ട അയാൾക്ക് വെള്ളിമേഘങ്ങൾ പുതച്ച് നിൽക്കുന്ന മിശിഹായ പറന്നു നടക്കുന്നതായേ തോന്നിയുള്ളൂ. വേദന പൊട്ടി മാപ്ല അലറുമ്പോ പല്ലു കൊഴിഞ്ഞ വായിലേക്ക് “ശബ്ദം താഴ്ത്തെടാ പന്നീ..” ന്നും പറഞ്ഞു അലൻസോ ചുവന്നൊരു തോർത്ത് കുത്തിത്തിരുകും. “സാരമില്ലപ്പാ...എന്റെ പൊന്നപ്പനല്ലേ...” എന്ന് പറഞ്ഞു കാലുഴിയും. കുർബാന നേരം “മൈരു പിടിച്ച ദൈവമേ എന്റപ്പന്റെ വേദന മാറ്റൂ" എന്ന് മുട്ടി കുത്തി കരയും, കാറും . ഇത്തിരി വെള്ളം താടാ മോനെ തൊണ്ട നനയ്ക്കാനെന്നു പറേമ്പോ വരണ്ട ചുണ്ടിൽ വെള്ളം പഞ്ഞീൽ മുക്കി തൊട്ടു തൊട്ടു കൊടുക്കും. നരച്ചു വളർന്ന താടി വടിക്കുക ആഴ്ച്ചയവസനമാണ്. കരുവാച്ചിത്തളിർ പോലത്തെ താടീൽ തടവി ഇടം വലം ചെപ്പയടക്കി പടപടാ കൊടുക്കും “ചത്തൂടെടാ നായിന്റെ മോനേന്ന്." "എന്റപ്പാ മത്തായി അരുളിയത് അറിയാന്മേലെ? വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക” ന്നാണ്". മാപ്ല ചിരിക്കും.. ഒച്ചത്തിലൊച്ചത്തിൽ ചിരിക്കും. അലൻസോയും ചിരിക്കും. അവർക്കിടയിൽ ചിരിയുടെ കുരുത്തോലുത്സവം കൊടിയേറും. നാട്ടുകാർ പാടി നടന്നു അലൻസോ അപ്പനെ നോക്കുമ്പോലെ നോക്കടാ. അവന്റെ ഹൃദയത്തിലേ പൂച്ചക്കുട്ടിയാടാ... കുളിപ്പിക്കാനായി എണ്ണ തേച്ച് കിടക്കുമ്പോ “അപ്പാ.. അപ്പനെ നോക്കി ശരിക്കും മടുത്തത് തുടങ്ങീപ്പാ . പക്ഷേങ്കില് , അപ്പനെ ഞാന് നോക്കുമ്പോലെ വേറെയാര് നോക്കുമപ്പാ” എന്നിട്ടൊരു കവിളത്തൊരു കിടുക്കാച്ചി ഉമ്മയും കാച്ചും. ചെറുചൂട് വെള്ളത്തിൽ വാസന സോപ്പ് തേയ്പ്പിച്ചു കുളിപ്പിക്കും. നല്ല കഞ്ഞി പശ മുക്കിയ മുണ്ടും ബനിയനുമിട്ടു കൊടുക്കും. അന്ന് രാത്രി മാപ്ലക്ക് ലൂക്കസ്സ് കശുവണ്ടിയിട്ടു വാറ്റിയ ചാരായം തൊണ്ടയിലും, ശിരസ്സിലേക്കുമൊഴിച്ചു കൊടുത്തു. "നിൻന്റെ ഹൃദയത്തിലേ പൂച്ചക്കുട്ടിയാടാ..." മാപ്ലയന്ന് കൂർക്കം വലിക്കാത്തുറങ്ങി വറ്റിയ പുഴ പോലെ മാപ്ല കിടന്നു. ഒരു തോണി പോലെ അലന്സോയും ആ ചുവന്ന് തോർത്ത് ഒരു തുഴ പോലെയും പിറ്റേന്നു പരപരാ വെളുക്കുമ്പോ ഏഴാം മാനത്ത് മിശിഹായുടെ മുന്നിലേക്ക് ആ ചുവന്ന തോര്ത്തും കഴുത്തിൽ ചുറ്റി മാപ്ല കേറി ചെന്നു. വടക്കേ തിണ്ണയിൽ ചുരുണ്ടു കിടന്ന അലൻസോയ്ക്ക് അടുത്ത വീട്ടിലെ കുട്ടി ഒരു കുമ്പിൾ ചോരചോപ്പുള്ള അപ്പുപ്പൻ താടികൾ വച്ച് നീട്ടി