Friday, January 18, 2019


"മാവേലിക്കരയിൽ 
നിന്നുവന്നൊരു പെണ്ണ്
എം.ഓ,ടീ  കാണാന്‍ 
പോയന്ന് രാത്രി
പാടി തീരാത്ത 
പാട്ടിന്റെ
പകുതിക്ക്‌ വച്ചു
നിലാവവളെ 
തട്ടികൊണ്ടോയേയെ.."

ഒരു ഡാന്സ് പാർട്ടി 
കഴിഞ്ഞു വരുകായിരുന്ന
മിറിയത്തിന്‍റെ
കാലുകളിൽ,
ചാഞ്ചാടിയുലയും 
ചില്ല പോല്‍
നൃത്തം ചിതറി.

അവള്‍ നടന്ന 
ഇലഞ്ഞി വഴിയും ചിതറി.

ഇടവഴിയിലൊരു 
കോണിൽ കണ്ട 
കൊക്കകോള
ടിന്നില്‍
പാമ്പിന്റെ
സംഗീതം
ചുരുണ്ടു കിടന്നു.

കാൽ കൊണ്ടൊരു കൊട്ട്.

പാമ്പില്‍ നിന്ന് 
സംഗീതം 
യമൻ രാഗത്തിൽ 
ഉറപ്പൊഴിച്ചോടി.

മറിയത്തിന് 
റോഡൊരാകാശമായി തോന്നി,

നിലത്ത് 
നക്ഷത്രങ്ങൾ 
അങ്ങിങ്ങായി
മിന്നിക്കൊണ്ടിരുന്നു. 

അവൾ 
ഓരോ നക്ഷത്രങ്ങൾക്കും 
ഓരോ ചവിട്ട് കൊടുത്തു.

"പ്രാണസങ്കടം 
തീരും വരെ 
നിങ്ങളെ 
ഞാൻ 
ചവിട്ടിയരയ്ക്കും."

കണ്ണുകൾ 
അണഞ്ഞും 
തെളിഞ്ഞും,
അവളാ ടികൊണ്ടിരുന്നു 

ഇരുട്ടിന്റെ 
ഉടലുള്ള  
തമോഗർത്തം,

താക്കോൽപ്പഴുതിൻ 
വട്ടത്തി,ലൊന്നിൽ.

ഒരു നാണയം 
ചെമ്പു കുടത്തിൽ 
വീണ പോൽ 
അവൾ 
താഴേക്ക് 
താഴേക്ക് 
മുഴങ്ങി.

കിടക്കയിൽ ചെന്ന് 
വീണ പോൽ 
ഒരു  പറ്റം 
കിളികള്‍ക്കൊപ്പം
അയാളുടെ താടിയില്‍,

ഒരു പുല്‍മേടിന്റെ 
മാനസത്തില്‍
നീണ്ടുപരന്നുകിടന്നു.

അവിടെ 
തടാകങ്ങളുണ്ടായിരുന്നു 
തണുപ്പുണ്ടായിരുന്നു 
ആശ്വാസമുണ്ടായിരുന്നു 

എങ്കിലും 
തിരിച്ചു വരാൻ 
വഴുതി വീണ
സ്വപ്നത്തിൽ 
ഒരു പഴുത് നോക്കി 
അവൾ നടന്നു.

അയാള്‍ക്ക്
സംഗീതമറിയാം,

അയാളോടുള്ള
സ്നേഹം 
വളര്‍ന്നു 
വലുതായി
ബാബേൽ  ഗോപുരം 
പൊങ്ങി നിന്നു 

അയാളുടെ
കുഴപ്പം പിടിച്ച 
താടിയില്‍ നിന്ന്
പുറത്ത് കടക്കാന്‍
ഒരേയൊരു പഴുതിനായി 
അവള്‍ താടിയിലിഴഞ്ഞു നടന്നു.

തടാകമവളെ 
പെണ്ണിനെത്തരുമോ
ചോദിച്ച 
മീനുകൾക്ക് 
കൊടുത്തു.

മീനുകൾ 
അവർ കണ്ട 
പക്ഷികൾക്ക് 
കൊടുത്തു,

പക്ഷികൾ 
ആകാശത്തിന്,

ആകാശം 
നിനച്ചിരിക്കാതെ 
പെയ്ത മഴക്ക്,

മഴ സ്റ്റാച്ച്യൂ ബസ്സ്റ്റോപ്പിന്, 

ബസ്‌സ്റ്റോപ് 
സെക്രട്ടറിയേറ്റിനും  മീതെ 
മുളച്ചു പൊന്തിയ
കൂണുകൾക്ക്,

അതും നനഞ്ഞു 
കടത്തിണ്ണയിലിരുക്കും   
കുരുത്തംകെട്ട 
ഒരു ചൂളം വിളിക്ക്,

ബസ്സുകൾക്കും,

ഓട്ടോകൾക്കും

ബൈക്കുകൾക്കും

അവളുടെ 
ആട്ടത്തെയെ-
റിഞ്ഞുകൊടുത്തുകൊണ്ടിരുന്നു.

വലിയൊരു 
ട്രാഫിക്ക് ബ്ലോക്കുണ്ടാക്കി 
വീട്ടിലേക്ക്
എത്തിച്ചേർന്നു.

ഒരു കൂട്ടമാളുകള്‍ക്ക്‌ മുന്നില്‍
ഫ്ലാഷ് മോബിലെന്ന പോൽ 
അവളപ്പോഴും 
ആടികൊണ്ടിരുന്നു.

No comments:

Post a Comment