Tuesday, June 26, 2012

അലമാരകള്‍ ഇനിയും തുറക്കപ്പെടും..!!


വല്ലപ്പോഴും തുറക്കുന്ന
“പൂര്‍വ്വകാലം” എന്ന് പേരുള്ള
പഴക്കം ചെന്ന അലമാരയാണത്.

അറ്റത്തൊരു വെള്ളപൊട്ടിന്റെ
ഉഴറ്റുന്നൊരു പൊള്ളലിൽ
പഴയ ചുംബനങ്ങൾ
ഇവിടെ തന്നെ ഉണ്ടെന്നറിയിക്കാൻ
പല്ലിക്കാട്ടങ്ങളായി
അവിടവിടെ കിടപ്പുണ്ട്

ദീര്‍ഘകാലത്തെന്നോ
അലയാൻ വിട്ട
പല പല ഓര്‍മ്മകൾ
പല പല വാസനകളിലുണ്ട്.

വിലപിടിച്ചവയെന്തെങ്കിലും
കിട്ടുമെന്നാശിച്ച്
മരയഴിയിൽ
പരപരാന്നു പരതവേ
കൈതട്ടിയൊരു സുഗന്ധക്കുപ്പി
വാസനിക്കുന്നത് പോലെ,
തലയണയ്ക്കുള്ളിൽ മുഖം പൂഴ്ത്തുമ്പോൾ
കിട്ടുന്നതെന്തോ,
മഴ വീണ ചുടുക്കട്ടയിൽ
നിന്ന് കിട്ടുന്നതെന്തോ,
കര്‍പ്പൂരയിലയിട്ട തുണിപ്പെട്ടിയിൽ
നിന്ന് കിട്ടുന്നതെന്തോ,

ഒരടക്കിപ്പിടിശ്വാസത്തിൽ
നമുക്ക് തിരിച്ചുകിട്ടുന്നത്,
നമ്മെ തൂവിത്തുലയ്ക്കുന്നത്,
നിന്നെ തന്നെ
ഇനിയും വേണം
എന്ന മണം..

അലമാര നീലക്കടലാവുന്നു.
അത് ചാടിക്കൊത്താൻ വരും മത്സ്യം
നമ്മുടെ സ്നേഹം..
കുമിളകളുടെ വെള്ളിവല
ചന്നം പിന്നമാക്കി
അനേകമായിരമായി
മല്‍സ്യങ്ങളുടെ സഞ്ചാരനിര.

മുട്ടിപ്പോയ നമ്മുടെ മിണ്ടാട്ടത്തിനു
ചെകിളച്ചെമ്പരത്തിയിൽ
ശ്വാസം പിടിച്ചിരിക്കുന്ന പോലെ
തുറന്നുപറയലുകൾ
ആശ്വാസമാകുന്നു..

പിളർത്തിയെടുക്കുമ്പോഴുള്ള
ഗന്ധമൃഗത്തിന്റെ
തൊണ്ടയിലെ നോവല്ല എനിക്ക്,
ആ വിധവുമല്ല
നീ ഗന്ധമാവുന്നത്.

നിനക്ക് പൂക്കളുടെ ഗന്ധം
നിന്നെത്തേടി പൂമ്പാറ്റകൾ എത്തി..
ഞാൻ പൂമ്പാറ്റകളുടെ പ്രധാനിയായി

നിനക്ക് പഴങ്ങളുടെ ഗന്ധം
നിന്നെത്തേടി പറവകൾ എത്തി
ഞാൻ പറവകളുടെ പ്രമാണിയായി..

നിനക്ക് മരുന്നുചെടികളുടെ ഗന്ധം,
നിന്നെത്തേടി  രോഗികളെത്തി
ഞാൻ രോഗികളുടെ രക്ഷകനായി.

നിന്നെയും ഗന്ധങ്ങളെയും
ശൂന്യതയിൽ ഒളിപ്പിച്ച് വച്ച്
ഇനി തുറക്കില്ലെന്ന്  ഉറപ്പാക്കി
ഈ അലമാര ഞാൻ പൂട്ടിട്ട് വയ്ക്കുന്നു.







Saturday, June 23, 2012

മുഖം തേടുന്നവൾ

ചീറിവരുന്ന സൈറന്റെ
അരോചകമായ ഒച്ച
നിങ്ങളുടെ ചെവിയടപ്പിക്കാറുണ്ടോ?

ആരോ മരിച്ചിരിക്കുമെന്നും
അവന്റെ വിളറിയ മുഖത്ത്‌
വെളുത്ത തുണി
അകന്നിരിക്കുമെന്നും
അതിൽ ഒരീച്ച
പറന്നിരിക്കുമെന്നും
വിഭാവനം ചെയ്യവേ
എനിക്കോർമ്മ വീഴും
ആ ഈച്ച ഞാനല്ലേയെന്ന്‍.

മരിച്ചവന്റെ ശ്രേഷ്ഠതയെണ്ണി
അവനെ രാജാവിനെ പോലെ
വാഴ്ത്തുന്ന ദിവസമാണത്

പ്രകടനപരതയിൽ
അയാൾ ഭ്രമിക്കുന്നില്ല..
പുത്തൻക്കുഴിയെടുക്കുമ്പോൾ
മരിച്ചവനും ഒരു കൈത്തൂമ്പ
പിടിച്ചാഞ്ഞു വെട്ടുന്നു.

//സ്വന്തം കുഴി അവനവന്‍ തോണ്ടില്ലെന്ന്  ആരറിയുന്നു..//

കുഴിയിൽ
ഇടക്കിടയ്ക്കു
കിടന്നു നോക്കുന്നു
പാകമാകുമ്പോൾ
അതിനു ചുറ്റും
ആത്മനൃത്തം ചവിട്ടുന്നു.

മണ്ണിൽ നിന്ന്
വെണ്മയുടെ
അയാൾ പുതുവേരുകളിൽ
മുളയ്ക്കാൻ തുടങ്ങവേ
മുരണ്ടു മുരണ്ട്
എവിടെ അടുത്ത മുഖമെന്നു തിരഞ്ഞ്
ഞാൻ പറക്കാൻ തുടങ്ങുന്നു.



മഹേന്ദ്രജാലന്‍


മാതൃത്വം - അതൊരു പിടച്ചിലല്ലേ..?
ഒന്നിനെയുള്ളിൽ പോറ്റിവളർത്തുന്നത്‌
സ്വയം പോഷിപ്പിക്കുന്നത്‌
ഒരു ജീവന്റെ പകുതിയും,
മറ്റൊന്നിന്റെ പകുതിയും ചേർന്ന്
ഒരു പുള്ളിയോളം ഭ്രൂണം
നമുക്ക്‌ പ്രിയപ്പെട്ട ഉണ്ണിയാവുന്നു 

നീ ഇളംകുഞ്ഞുസൂര്യനായി
ഉദരാകാശത്തിലിരുന്നെന്നെ
ചുട്ടുപ്പൊള്ളിച്ചു..
എനിക്ക്‌ വിമ്മിട്ടമായി..
ഉപ്പുനെല്ലിക്കകൾക്കായി
ഞാൻ അടുക്കളക്കുപ്പികൾ പരതി.

പിറക്കും മുൻപേ,
ഇല-പൂക്കള്‍ കാട്ടിയുള്ള
ശകുന്തപക്ഷികളുടെ ലാളനകള്‍
ഞാന്‍ ക്യാൻവാസിൽ തേച്ചു പിടിപ്പിച്ചു.

നാഭീനാളത്തിലൂടെ
ആദ്യസ്‌പർശമറിഞ്ഞതും
ഉയരും വയറുഴിഞ്ഞ്‌,
നിനക്കു
മുടി വന്നോ
മുഖം വന്നോ
നഖം വന്നോ
എന്നോര്‍ത്ത്,
അമ്മയാവാൻ വെപ്രാളപ്പെട്ടു,
ഇടനേരത്തു മൗനമായിരുന്നു 
നടുക്കിനോവിച്ചിട്ടു,
ഒരുവേളക്കൊടുവില്‍
മറുപടിയെന്നോണം അടിവയറ്റിൽ
നീ ഓടിനടക്കും
അർദ്‌ധമയക്കത്തിലും,
നീ വെളിച്ചത്തിലേക്ക്‌ വരുന്നതോർത്ത്‌
ഞാൻ ആനന്ദിക്കും..

നന്മയിലേക്കുണരാനുള്ള
മുന്നീർക്കുടത്തിലെ സുഖനിദ്ര..
ഉണ്ണിക്കാലുകൾ വളച്ചു 
ഉണ്ണിവിരലുകളുണ്ണുന്ന
പീലിയില്ലാത്ത ഉണ്ണിക്കണ്ണൻ..
ഏതൊരമ്മയും ആദ്യമായി ദേഷ്യമില്ലാത്തവളാകും.. 

ഞങ്ങളുടെ സ്വകീയ വർത്തമാനം..
“ഇത്‌ അമ്മയാണുണ്ണീ..
നിനക്കു ചൂട്‌ തട്ടാതിരിക്കാൻ,
പൊള്ളുന്ന വെയിൽ കൊണ്ടവൾ,
നീ നനയാതിരിക്കാൻ,
നിനക്ക്‌ കുടപിടിച്ചവൾ..” 

നിന്റെ പിറവി
പത്തുമാസക്കാത്തിരിപ്പിന്റെ അവസാനം..
ഒന്നു രണ്ടായെന്ന ആശ്വസത്തിലും
നെഞ്ചു കീറുന്നൊരു ഒരു നോവ്‌,
“ഉണ്ണീ, നമ്മൾ രണ്ടാവേണ്ടിയിരുന്നില്ല.” 

അമ്മ കാണുന്നു,
ലോകം കണ്ടു പകച്ചു
എന്റെ മാറിലേയ്ക്കോടി വരുന്നത്‌....
എന്റെ മടിയിലിരുന്ന്‌ 
നീ ഉണ്മയുടെ ഉണ്ണിയാവുന്നത്‌,
നേരിന്റെ സമവാക്യമറിയുന്നത്‌,
അറിവിന്റെ മുൾമുടികയറുന്നത്‌..
ലോകത്തിന്റെ പൊരുളറിഞ്ഞ്‌,
ജിതേന്ദ്രനാവുന്നത്‌...
സ്നേഹത്തെ ആയുധമാക്കി,
കാലത്തെ ജയിക്കുന്നത്‌...

നിന്നെയൂട്ടുമ്പോൾ,
അമ്മയ്ക്കുള്ളിൽ നിറവാണ്‌..
“ഉണ്ണീ, നീയൊരു ഇന്ദ്രജാലക്കാരനാണ്‌,
എന്റെ ഇരവുകളെ വെളിച്ചമാക്കിയ മഹേന്ദ്രജാലൻ..”

Tuesday, June 12, 2012

അഞ്ചു പെണ്ണുങ്ങള്‍



സീത

തീക്കനല്‍ക്കുന്ന്‍
പിളര്‍ന്നു വരണം
മണ്ണിനുള്ളിലെ
ദേവതാജീവിതം
പുറത്തെടുക്കണം
വിരഹവിഷാദം
നിരന്തരം
നിന്നെ
അമ്പെയ്യുമ്പോൾ
ഞാൻ എല്ലാം
അതിജീവിച്ചിരിക്കുന്നു.

അഹല്യ

ശിലാമൗനത്തിൽ
ഒതുക്കിനിർത്തിയ
എന്റെ ഗതി
പാറക്കറുപ്പിൽ
ഇരുളടഞ്ഞുപോയ
എന്റെ ഹരം
നിന്റെ പാത്രത്തിലെ
പരുക്കൻ രോഷജലം
ഞാനിതാ വീട്ടി വറ്റിച്ചിരിക്കുന്നു.

പാഞ്ചാലി

കാവലാളും ഒറ്റുകാരുമായ
അഞ്ച്-അമ്പട-വീര-ഭീരുക്കളെ
നിങ്ങളെ ഞാൻ മുറുക്കി തുപ്പുന്നു,
കുലുക്കിച്ചുമന്നതും/ കുലുക്കിക്കളഞ്ഞതും നിര്‍ത്താമോ?
അഞ്ചുതുടകളിൽ മാറിമാറിയിരുന്നുള്ള
ആനന്ദബലികൊടുക്കലിൽ
എന്റെ കൂട്ട് ഞാൻ തന്നെ മുറിച്ചിരിക്കുന്നു.

ഗാന്ധാരി

കറുത്തതുണി വലിച്ചെറിയുന്നു,
കാണാതെയനങ്ങാതെ
തുല്യരായിരുന്നില്ലേ..
ലോക പുതുമകൾ
കാല പെരുമകൾ
കാഴ്ച തുറന്നു
കാണട്ടെയിനി.

കുന്തി

കൗതുകത്തിനു വിളിച്ചു.
പെട്ടിയിലൊഴുക്കി
ഭയം കളഞ്ഞു.
പരിഭ്രമ-ഭ്രമങ്ങളാൽ
എന്നെ നിയന്ത്രിക്കുന്ന
ഏതു സൂര്യതമ്പ്രാനു നേരെയും
ജനലടയ്ക്കും ഞാൻ.



Monday, June 11, 2012

ചൂളമടിക്കാരന്‍

ഉപ്പുകടലുകളിൽ നിന്നു
അവധിക്കു വരുന്ന നീ,
മദ്ധ്യമാസസമയങ്ങളിൽ
പൈസ കൈ പറ്റാൻ വരും
ഗൂർഖയെ പോലെ
എനിക്കു നേരെ
ആസക്തികളുടെ
ചൂളമടിക്കുന്നു..
സ്നേഹത്തിന്റെ
അഴിഗേറ്റിനു മുന്നിലൂടെ
ഹിന്ദിപ്പാട്ടു മൂളുന്നു..

പുതിയൊരധീനതയുടെ
വരാന്തയിലേയ്ക്ക്
കൈകള്‍ വിടര്‍ത്തി
ഞാനോടി ചെല്ലുന്നു.

നീ തിരിച്ചു പോകുന്ന
ദിവസത്തെയോര്‍ത്ത്
നിന്റെ ചുണ്ടുകളിൽ കൊട്ടി
ചോര പൊടിപ്പിക്കും..
മീശ രോമങ്ങൾ
കിള്ളിയെടുക്കും.

വെളിച്ചം മെഴുകിയ
വീടിനെയും,
ഇംഗ്ളീഷ് പറയുന്ന
സ്‌കൂളിനെയും,
ഒരുനാളതിൽ പഠിക്കും
മകനെയും,
മാസക്കടങ്ങളെയും ചോദിച്ച്
നീ പ്രതിബദ്ധതപ്പെടും.

നിന്റെ പിഞ്ഞാണത്തിൽ
പൊരിച്ച മീനുകൾ വച്ച് വച്ച്
നിന്നെ ആഹരിക്കും.
ബാക്കിയിട്ട മുള്ളുകൾ
നീ കാണാതെ 
നാക്കിലിട്ടിറിക്കി

വേദനയുടെ കടലിനെ
തലയിണകളിൽ നിറയ്ക്കും.

രാത്രികളിൽ
നമ്മുടെ നാവുകളിൽ
ചോരയുടെ ഉപ്പ് രുചിക്കും..

എന്റെ സ്നേഹം
മുഴുവൻ വാങ്ങി
എണ്ണഖനികളിലേയ്ക്കു
നീ തിരിച്ചു പോകും..
തീഹൃദയത്തോടെ
വീണ്ടുമൊരു
ചൂളമടിക്കു വേണ്ടി

എന്റെ ചെവികൾ വലുതാവും.



Saturday, June 2, 2012

പേറ്റുനോവ്

പാതിരാവ് ഒഴിയുന്നേയുള്ളൂ
ആകാശത്തിന്റെ
മെഴുക്കു പുരണ്ട ചായിപ്പിൽ
പ്രാർത്ഥനയുടെയും
നിലവിളിയുടെയും ഒച്ചകൾ..

പേറ്റുനോവിൽ വിവശയായി രാത്രി
കാക്കയുടെ ഇരുട്ടിൽ
കാറിവിളിക്കുന്നു.
വെണ്ണയിട്ടു മിനുക്കിയ
രാത്രിയുടെ യോനി കീറിപ്പിളർന്നു
കൊഴുത്തുരുണ്ട സൂര്യന്റെ
തലയിറങ്ങി വരുന്നു.
പുലരിയെ പെറ്റിട്ടിരിക്കുന്നു..
ഇളം ചൂടു ചോര തെറിച്ച്
ആകാശത്തിൽ
ചുവപ്പ് പരക്കുന്നു.
വിളറി ക്ഷീണിച്ച്
രാത്രി വീണ്ടും മയങ്ങുന്നു..
വെളുപ്പാങ്കാലത്തെ
കൊതുകുകളെ
ആട്ടിയോടിച്ചു
ഇളംമഞ്ഞ് കുഞ്ഞിനെ
പൊതിഞ്ഞെടുക്കുന്നു..

ഭൂമിയുടെ കൈകൾ
വെള്ളയുടുപ്പ്
ഉടുപ്പിക്കുന്നു.
മുലഞ്ഞരമ്പിൽ
മഞ്ഞപ്പാൽ വിങ്ങുന്നു
മേഘങ്ങൾ വിട്ടുമാറാതെ
കൂടപ്പിറപ്പുകളെ
പോലെ ഓടിനടക്കുന്നു..
കറചുവന്ന മുഖത്ത്
ഉമ്മ വയ്ക്കുന്നു..

സൂര്യൻ ഒന്നാന്തരം ഉണ്ണിച്ചെക്കനാവുന്നു..

ഭൂമി
അവനെ ചിരിപ്പിക്കുന്നു,
വൃക്ഷത്തെയും
കടലിനെയും
കാറ്റിനെയും
കിളികളെയും
ചൂണ്ടി.

നട്ടുച്ചയ്ക്കവൻ
ഉശിരുള്ള പുരുഷനാവുന്നു
ചക്രവാളത്തീയിൽ ജ്വലിച്ചു
പ്രകൃതിയെ പ്രാപിക്കുന്നു

സന്ധ്യക്കിരുളുമ്പോൾ
ഖനികളിൽ പണിയെടുത്ത് തളര്‍ന്ന
കിഴവനായി കടലിൽ
കുളിക്കാനിറങ്ങുന്നു..
പാറകെട്ടുകളിൽ
വെച്ചു കാണാതാവുന്നു..

************************************
ആകാശത്തിനു
നേർവരയിലൂടെ പറക്കുന്ന
കാക്കക്കൂട്ടം
എന്നും ഒരു സൂര്യശബ്ദം കേൾക്കുന്നു,
നിഷ്കളങ്കത കണ്ടു തിരിച്ചു വരുന്നു.

ഇതാ ഞാൻ ഇവിടെ തന്നെയുണ്ട്

തീവണ്ടിയാപ്പീസിന്റെ മുന്നിൽ
പാടിയിരിക്കുന്ന
അന്ധയായ പെണ്‍കുട്ടി,
വെളിച്ചം വീഴാത്ത
നിന്റെ കണ്ണുകളിൽ
എന്റെ കാഴ്ച ഉപേക്ഷിക്കട്ടെ .?
അസാദ്ധ്യം തന്നെ,
എന്റെ വാക്കിന്റെ
വെളിച്ചത്തിൽ നീ,
വന്നൊന്നു ലോകം കാണൂ.....

ചരിത്രസ്മാരകശിലയ്ക്കടുത്ത്
സ്മരണകളെന്താണെന്ന്
ചൊറിഞ്ഞിരിക്കുന്ന
പിച്ചക്കാരാ
നിന്റെ കീശയിൽ
ഞാൻ രണ്ടു നൂറുകൾ വയ്ക്കുന്നു..
അന്തിക്കാണ്ട പോയി
ഒരൊറ്റ നേരത്തേങ്കിലും
മുളകുതരിയിട്ട പിസ്സ തിന്നെടാ..

ഒരസംബന്ധ പിണക്കത്തിൽ
നില്ക്കും കമിതാക്കളെ,
കണ-കുണാന്നുള്ള
എതിർപറച്ചിലുകൾ
ഒന്ന് നിര്‍ത്തരുതോ,
അടുത്ത നിമിഷം
ഭൂമിയില്ല എന്ന മട്ടിൽ
മുറിപ്പെടുത്തും വിധം
തമ്മിൽ ചുംബിച്ചു ചാവൂ...

ഛേദിക്കപ്പെട്ട
വിരലുകളുള്ള വാദ്യക്കാരാ..
എന്റെ വിരലുകളെ
നിന്റെ ഹാർമോണിയത്തിന്
മേലെ വച്ചിട്ട് പോകുന്നു..
നിന്റെ തകർന്ന സിംഫണികൾ
അവിടെ തന്നെയുണ്ട്,
കണ്ടെടുക്കൂ,
നിങ്ങൾക്കരികിൽ..