Wednesday, August 1, 2012

സൽമയെ കല്ലെറിയരുത്

സൽമ ഒരു വേശ്യയായിരുന്നു
എന്നാലോ
സല്‍മ ഒരു വേശ്യയായിരുന്നില്ല..

മെഴുകുതിരികൾ നിരന്നു കത്തുന്ന
തെരുവിന്റെ മോന്തായത്തിൽ
വെളുത്ത സാരിത്തലപ്പോടെ
നില്ക്കുമ്പോൾ
മറിയത്തെ പോലെ കന്യകയും
വിശുദ്ധയുമായിരുന്നോയെന്ന
ശങ്കാവിഷയത്തില്‍ നിന്ന്
ഞാൻ എഴുതി തുടങ്ങട്ടെ..?

സന്ദർശകരിൽ നിന്നു
മുക്കുപണ്ടങ്ങളോ,
മിനുക്കുസാരികളോ,
ഒട്ടിപ്പുപൊട്ടുകളോ,
അവൾ വാങ്ങിയിരുന്നില്ല.

ലജ്ജയാണെന്നു നിങ്ങൾ കരുതും

മുടി വാരികെട്ടുമ്പോഴും,
പാവാട ചുറ്റുമ്പോഴും
കൂലിയുൾപ്പടെ
അവർ കൊടുക്കുന്നതൊക്കെ
തലയെടുപ്പോടെ തിരിച്ചു നല്കും.

തന്റേടമാണെന്നു നിങ്ങൾ കരുതും

വെയിലിൽ
ചല്ലി കൊത്തിയും
ടാർ തേയ്ച്ചും കിട്ടുന്ന
കറ പുരണ്ട നോട്ടുകൾ
അവരുടെ പോക്കറ്റിനുള്ളിലോ,
പേർയ്സിനുള്ളിലോ തിരുകി വയ്ക്കും.

ഒപ്പാരിയിടാനോ
ശണ്ഠയ്ക്കോ
അവളെ കിട്ടില്ല,

കൂലി അവളങ്ങോട്ടു നല്‍കും..

പതിവുവേശ്യകളുടെ രൂപകമല്ലവൾ.
വയറിൽ തീയാളിയപ്പോൾ
കാലുകൾ കവച്ചു കരയേണ്ടി വന്ന
പേരുകെട്ട ഒരു ഗോത്രത്തെ
സൂചിപ്പിക്കുന്നു.

അവര്‍ക്കെതിര്‍ദിശയിൽ നടക്കുന്നു.
നിശ്ശബ്ദത കൊണ്ട്
കടങ്ങൾ തീര്‍ക്കുന്നു
പലരുടെയും മുറിവിൽ
തണുപ്പൂതുന്നു.

ചിലരവളെ
തെറിവിളിച്ചാട്ടിപ്പായിക്കും,
തുണിപൊക്കിക്കാട്ടും,
തന്ത്രത്തിൽ സ്ഥലം കാലിയാക്കി
ഇനി വരില്ലന്നു പറഞ്ഞു
കാലിൽ വീണു കരയുന്നവരും,
തലയിൽ തലോടുന്നവരുമുണ്ട്..

ഒരു വേശ്യാന്വേഷകൻ
മരിച്ചു വീഴുന്നത്
എത്രയെത്ര ലളിതമാണ്.

കുന്നുമ്പുറങ്ങളിൽ
അവൾ അവര്‍ക്കായി കുരിശുകൾ നാട്ടും.

വേശ്യകളെ ഉറങ്ങാൻ വിടുന്ന
ഭൂമിയിലെ മനുഷ്യര്‍ .
ആ സ്വപ്നത്തിൽ
അവളുടെ ഹൃദയഞരമ്പ് വലിയും,
കണ്ണീരിന്റെ കോപ്പ
ഒഴിഞ്ഞിരിക്കുന്ന
നാടുകളിലേയ്ക്ക്
കുന്നിറങ്ങി വരും

സൽമ ഒരു വേശ്യയായിരുന്നു
എന്നാലോ
സല്‍മ ഒരു വേശ്യയായിരുന്നില്ല..


PS:- Kim Ki Duk's movie samaritan girl has influenced long time back,to an extent, but this came up when I heard another person's story ..!!