Saturday, September 22, 2018

നിങ്ങൾക്കെന്നെ
വേണ്ടാത്ത
നിമിഷങ്ങളുടെ
പാട്ടുകൾ
എനിക്കും വേണ്ട.

എനിക്കമ്പും
അസ്ത്രങ്ങളുമുണ്ട്.

ഈർക്കിലിൽ
കുത്തിയൊക്കെയും
തുരു തുരാ
മാനത്തേക്കയക്കും.

മഴവിൽ പോൽ
വളഞ്ഞു
ഞാൻ
വിറ കൊണ്ട്
വീഴും
കിടക്ക മേൽ,
ഒരു കിളിക്കുഞ്ഞിൻ
കൂടു പോൽ.

കിളി മുട്ടകൾക്കൊപ്പം
ചൂട് പറ്റി കിടക്കും

അതിൻ
നെഞ്ചിൻ
കുടുക്കഴിച്ചതിൽ
സ്നേഹം നിറയ്ക്കും.

കിളികൾ പഠിക്കട്ടെ.

ഈരേഴു
പതിന്നാലു
ലോകങ്ങളുമൊഴിച്ചവിടെ,

നമ്മളൊന്നിച്ചുള്ള രാജ്യം
വരേണമേയെന്ന് കാണും
മുട്ടകൾക്കുളളിലെ
കിളിക്കണ്ണിൽ,

കൃത്യം

നീയയച്ചയാ
ഇർക്കിലിൻ തുമ്പ്
തറച്ചു പോയല്ലോയവിടെ തന്നെ,

പാട്ടിന്റെ രാജാവേ.

റാണിക്കെന്നും
കിളിയുടെ
ഹൃദയമാണ്,

സ്നേഹത്തെ കുറിച്ച്
പാടുമ്പോ
അവൾ
കുരുടിയുമാണ്.
ഓലമടലുകളിൽ
പൊടി പറത്തി വന്ന
എന്റെ വണ്ടി
എന്നെ കൊണ്ടു പോയ
ദൂരങ്ങൾ,
ഞാനന്ന് കണ്ട രാജ്യങ്ങൾ.

അവിടെ തന്നെ,
അവിടെ തന്നെയാണ്
ഞാൻ നിൽക്കുന്നത്.

ഒരിട മുന്നോട്ടുമില്ല,
ഒരിട പിന്നോട്ടുമില്ല.

വരമ്പത്തിരിക്കുന്ന
സായന്തനങ്ങളെയോർത്ത്
ഞാനുറങ്ങുന്ന
ബാൽക്കണിയിലേക്ക്
കുളത്തിൽ നിന്നൊരു പൊന്മ
ആയിരം വട്ടം
വെള്ളം കുടഞ്ഞ് പറക്കുന്ന
ഈറൻ സന്ദേശം
കൊണ്ടുവരുന്നു.

ഞാനിപ്പഴും,

അവിടെ തന്നെ

ഒരിട മുന്നോട്ടുമില്ല,
ഒരിട പിന്നോട്ടുമില്ല.
കാട്ടിലിരുട്ടിൽ
ആരുമാരും
കണ്ടെടുക്കാത്തൊരു
പൊട്ടിയ കിണറിൻ നെഞ്ചകം പോലെ,

ചന്ദ്രതാരാദികളെയതിൽ
കാത്ത് കിടക്കുന്നതിൻ
ആധിപൂണ്ട കണ്ണുകൾ.

ആ വിധത്തിൽ
ആഴത്തിലാഴത്തിലതിൽ
താണു താണേ
പോകുന്നു
ശോകമണിയും
എന്റെ നീലാംബരം.
മുറിക്കൾക്ക്
പലതുമാവാം.

പാതിരാത്രിയിൽ
നനച്ചുകുളിക്കാൻ പോയ
പുഴയയാവാം.

പുഴയിലാണ്ട കാലം പോലെ
അവളാ നേരം
സ്വയമഴിയും.

തിരിനാളങ്ങൾ
ആലിലകളിൽ
കേറിയിരുന്നൊഴുകിയ
പാടുകൾ,
അവളിൽ.

കുളിക്കുമ്പോൾ
കുളിമുറി
മന്ത്രങ്ങൾ കേൾക്കുന്ന
പറ കൊട്ടാൻ
തുളുമ്പി നിൽക്കുമമ്പലം,

അവൾ കുളിക്കുമ്പോൾ മാത്രം.

അവൾ ഈറനിറ്റുന്ന
കൽവിളക്ക്.

Monday, September 10, 2018

എന്റെ മടി
ഒരോരം.
അതില്‍ കൈകൊണ്ട്
സ സ പോലെ
കാണിക്കുന്ന കടലുണ്ട്,

ശംഖാകൃതിയില്‍
അതിരമ്പും.

നിന്റെ
ഉദാത്തമായ
ശബ്ദം കേള്‍ക്കാന്‍.
അതിനകത്ത്
നിന്റെ പ്രേമം.
ഊമ ഭാവമുള്ള
കാളിയന്മാര്‍
ചുറ്റും നില്‍ക്കുന്ന
നിന്റെ ശയനം.

അനന്തമാമീ നിദ്ര.
എനിക്കതിലാണ്
കടന്നു കയറേണ്ടത്.
എന്റെ പ്രേമം പുറത്താണ്.
അതിനൊട്ടും നാണമില്ല.
തല കുമ്പിടാനൊട്ട് മടിയുമില്ല.
ചില നേരമത്
വെറുതെ
ആകാശം നോക്കി കിടക്കും.
കുതന്ത്രങ്ങളുടെ
ചെമ്പരുന്തിന്റെ
നിഴലുകള്‍
വീഴ്ത്തി
പറന്നു പോം.
നിഴലിന്റെ
ചുണ്ടില്‍
പെട്ടെന്നുറങ്ങി
പോവാന്‍
പാട്ടുകളുണ്ട്.

അതുന്നം പിടിച്ച്
കാളിയന്മാരെ
വലിഞ്ഞു മുറുക്കും.
ഇനിയുളള
പാട്ടുകൾ
ഏകാകിയും
പാട്ടിന്റെ തേവരും
കടലിന്റെ താഴത്തെ
കൂടിയാട്ടത്തിൽ.

നമ്മുക്കായി
കോറസ്
പാടുമീ
പ്രപഞ്ചം
കാറ്റത്താടിയും
നില്‍ക്കുന്നു.