Sunday, July 1, 2018

ഞാൻ അനാഥയായ ദിവസം # അമ്മുമ്മ മരിച്ച ദിവസം #  നിസ്വാർത്ഥമായി എന്നെ സ്നേഹിക്കാൻ ലോകത്ത് മറ്റാരുമില്ലെന്നറിഞ്ഞ ദിവസം.

അവർ തന്ന അവിച്ച മുട്ടകൾ, പാലും റൊട്ടിയും, കാച്ചിയ റവ, കല്ലിലരച്ച മുളക് ചമ്മന്തി, പാടിയ ആർച്ച പാട്ടുകൾ, അവരുടെ പിത്തള ഗ്ലാസ്, കൈയ്യിൽ കാണാനുള്ള വക്ക് പൊട്ടിയ തൂക്കുപാത്രം ( മിക്കപ്പഴും അമ്പല ചോറാവും), അച്ചാറു ഭരണികൾ, ട്രങ്ക് പെട്ടി, വെള്ളയും ചുവപ്പും കല്ലുള്ള മാല (മുക്കാണെന്ന് തോന്നുന്നു), കുഴമ്പു കുപ്പികൾ, വളം കടിച്ച കാലുകൾ, അതും ചൊറിഞ്ഞിരുന്നു പറഞ്ഞ കുടുംബ മാഹാത്മ്യങ്ങൾ, മടിയിൽ കിടന്നാൽ കിട്ടുന്ന അരിഞ്ഞ പുല്ലിന്റ മണം, വരിക്ക പ്ലാവിന്റെ ഇലകൾ തൂത്ത് വാരുന്ന ശബ്ദം, കരിയിലകൾ പുകയുന്ന മണം, അവർ..

# അവരെയോർത്തൊരിക്കലെങ്ങോ എഴുതിയിട്ടത് #

അരിഞ്ഞിട്ട പുല്ലിനോ
തീറ്റിച്ച പശുക്കൾക്കോ
ചാണകത്തിന്റെ ചൂരിനോ
ഉപന്യസിക്കാനാവാത്ത
നിത്യമൂകത
അവരുടെ
പരാതി പറയാത്ത
പരാതികളാണ്‌.

വലിച്ചുകൊണ്ട്‌ പോയി
പുഴയിലിടുന്നത്‌
അലക്കിവെളുപ്പിക്കാനല്ല,

മുങ്ങാംകുഴിയിട്ട്‌
തിരിച്ചു വരാതിരിക്കിരിക്കാൻ
നെഞ്ചിൽ നിന്നു വാരിയെടുത്ത
കല്ലുകൾ കൊണ്ട്‌
കെട്ടിയിടുന്നതിനാണ്‌.

മുളകുണക്കുമ്പോഴും
അരിയാട്ടുമ്പോഴും
റേഡിയോപെട്ടിയാവുന്ന
അവരിൽ
എന്റെ ഓർമ്മകളൊക്കെയും
പാട്ടുകളായി പോയല്ലോ.

കാക്കത്തൊള്ളായിരം കിളികൾ
ഒന്നിച്ച് പറന്നു പാടുന്നതിൽ
ഒരുവളുടെ പാട്ടിനെ
കുരുപ്പു കണ്ണുകളുള്ള
മന്ത്രവാദിമേഘം
മുക്കുന്നത് പോലെ
ആരും ഒന്നും തന്നെ
അവർ പറഞ്ഞത്
കേൾക്കുന്നില്ല.

കൂടില്ലാതെ വളർത്തിയ കൂറിന്
നല്ല മുട്ടകളാവുന്നു
പിടക്കോഴികളുടെ
പൊട്ടിച്ചിരികൾ.

സ്നേഹം
വിഴുങ്ങിയതാവണം,
നിങ്ങൾ വഹിച്ചിരുന്ന രുചിയായില്ല
ഡോമിനോസിലെ
എത്ര വാൽസല്യമുള്ള പിസ്സക്കും.

ചീര മുറത്തിലേയ്ക്കരിഞ്ഞിടുമ്പോൾ
കവിളുകൾ ഉമ്മകളാൽ
ചെഞ്ചീരാവസന്തത്തിലാവും,

ഋതുക്കളെ
എത്ര വിശദീകരിച്ചാലും
കാണാത്തത്‌.

ചാവെന്ന കിണറിലേയ്ക്ക്
അന്തര്‍ദ്ധാനം ചെയ്ത രാത്രി
അവരുടെ
ചുളുങ്ങിയ മുലകൾ
ഓര്‍ത്തെടുത്ത് ചപ്പി
വീട്ടിലെ കുഞ്ഞുങ്ങളുറങ്ങി.

കിണറ്റിനരുകുകളിലെ
തവളകളിലിരുന്നവർ
കരച്ചിലുകളെ
പുതുക്കുന്നു.

അവ്യക്തമായ ഭാഷയിൽ നിന്ന്
കൂടുതൽ
അവ്യക്തമായ ഭാഷയിലേയ്ക്ക്

ച..ചാ..ചാടി പോകുന്നു.

No comments:

Post a Comment