Monday, September 14, 2015

ചെവിക്ക് പിടിച്ച്
കുളിക്കാനായി 
കൊണ്ട് നിർത്തും.

ഉടൽ
പിണങ്ങും
ആ നേരം.

ചില വേണ്ടാത്തവ പോലെ
ഷവറിലെ
പുഴ
കുതിക്കും.

എങ്ങനെയെന്നോ?

തലയിൽ
പിണഞ്ഞു
കിടക്കുന്ന
ഊടുവഴികളിൽ
സൈക്കളുമായി 
കറങ്ങീർന്ന പോലെ.

പാതിയെത്തുമ്പോൾ 
ടയറൂരി
അതോടിക്കും പോലെ.

പുതിയ രഥം പോലെ.

ബെല്ലുമില്ലാ
ബ്രേക്കുമില്ലാ
പുഴയിലേയ്ക്ക് 
പതിക്കുന്ന
വാളി കുട്ടി പോലെ.

അപ്പോൾ 
ശർർർർ ന്ന് 
മൂത്രമൊഴിക്കാൻ തോന്നും.

ഞാനങ്ങനെയാണ്‌,

പണ്ടും 
അടുക്കള ചായിപ്പിന്റെ
ഓവ്വ് വശത്ത്
ഒളിച്ചിരിക്കും.

ഓവിലൂടെ മൂത്രം
മഞ്ഞ ചേരയായി
പുറത്ത് ചാടും.

വഴിയിൽ വച്ച്
ആ ചേരയെ കണ്ട്
ഞാന്‍ പേടിക്കും.

പത്ത് വീടുകളെയും കടന്ന്
ഒറ്റ ശ്വാസത്തിൽ
ഓടും.

ചായിപ്പിന്റെ
മൂലയ്ക്കിലിരിക്കുന്ന
എനിക്കത് കണ്ടു
ചിരി വരും.

അങ്ങനങ്ങനിരിക്കെ

20 വർഷമായി
ഇവിടെ
ഞാൻ
കുളിക്കുമ്പോൾ

കുളിച്ചുകൊണ്ട്
മൂത്രമൊഴിക്കുമ്പോൾ

ഞാൻ 
ഈ ചായിപ്പിൽ 
ഒളിച്ചിരുന്നു 
ചിരിക്കയാണ്‌.

എന്റെ മൂത്രം 
ഒഴുകിയ വരിയിൽ
മഞ്ഞ റോസാച്ചെടികൾ 
വിരിഞ്ഞതായി
ഞാൻ എഴുതിയിടും.

ഈ വരി കണ്ട്
വേണമെങ്കിൽ
അവയ്ക്ക്
മുളയ്ക്കാം.

ആ സമയം
ഓവ്വ് വഴി
ഞാൻ 
പുറത്തെത്തും.

തണുപ്പിനുള്ളിൽ 
കുളിമുറി 
മുങ്ങിത്താഴും.

No comments:

Post a Comment