Monday, July 30, 2012

എന്നെ അപരിചിത എന്നു വിളിക്കരുത്‌..

കുന്നിനു മേലെ പറപ്പിക്കും
എന്റെ ഹെലികോപ്റെര്‍ ഹൃദയം
ഒരറബികിളവനിൽ
ഞാൻ കണ്ടെടുക്കുന്നു
നിങ്ങളതിനെ
ഒരീന്തപ്പനക്കായ പോലെ
വിഴുങ്ങി സഞ്ചാരങ്ങളിൽ തുള്ളിപ്പായൂ,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

എന്റെയതേ പോള കണ്ണുകൾ
കുരുടന്റെ തലക്കരികിൽ കണ്ടുവെന്ന്
ഡ്രൈവ് ചെയ്തു വന്ന ഭർത്താവ്‌
എന്റെ കാഴ്ചയുടെ ഹോണുകൾ
അവന്റെ കണ്ണിൽ ഞാൻ ചറപറാന്നടിക്കും,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

അമ്മ ചത്ത കൊച്ചിന് പാലില്ല
പാൽ തിങ്ങും മുലകളുമായി
ഞാനിരിക്കുന്നു.
ഏന്തിവലിഞ്ഞ് നിന്ന്
ചാടിക്കുടിക്കൂ കുഞ്ഞേ,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

സ്ട്രീറ്റ് നിയോണിൽ
അമ്മായിയുടെ അപ്പപ്പാട്ടിനുസരിച്ചു
പാവാട കറക്കുന്ന പെൺകുട്ടി,
എന്റെ അരക്കെട്ടാണ്‌
വട്ടത്തിലീ ഇളകുന്നത്‌...
തുടകളും, തുട്ടുകളും
കുന്നോളമുയരുമ്പോൾ
നിന്നിൽ നിന്ന്‍
ഒളിവേഷത്തിൽ
ഞാനിറങ്ങി പോവും,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

അരക്കാലൻ ബാലന്റെ
സിക്സറാകാശങ്ങൾ
നിന്റെ പേരൊട്ട് എനിക്കുമറിയില്ലല്ലോ..
നിന്റെ പന്തുസ്വപ്നങ്ങളിൽ
എന്റെ കാലുകളെ തുന്നിപിടിപ്പിയ്ക്കട്ടെ,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

മുറികൾ മാറിമാറി കയറി
പിഞ്ഞിയ പട്ടുസാരിയഴിക്കും ഒരുത്തി
നിന്റെ ദേഹവും പിഞ്ഞി തുടങ്ങിയല്ലോ
നിന്റെ കലത്തിന്റെ അടിവയറ്റിൽ ചാക്കരി വേവാൻ
എന്റെ പൂർണ്ണനഗ്നത വലിച്ചൂരിത്തരുന്നു,

അപ്പൊഴും എന്നെ അപരിചിത എന്നു വിളിക്കരുത്‌..

2 comments:

  1. തികച്ചും അപരിചിതം...

    ReplyDelete
  2. എപ്പോഴും കൂടെയുള്ള ഇവരെയൊക്കെ അപരിചിത എന്ന് കരുതുന്നതല്ലേ എന്‍റെ തെറ്റ് ?

    ReplyDelete