Monday, April 14, 2014

മഞ്ഞ നിറത്തിൽ ലോകം

മഞ്ഞ നിറത്തിൽ
ഒരു കാക്ക മരകൊമ്പിലിരിക്കുന്നു,
നാളെ വിഷുവാണെന്ന് പാടുന്നു,
മഞ്ഞ നിറത്തിൽ
ഭാരമേല്പ്പിന്റെ അച്ഛന്മാർ വീട്ടുസാധനങ്ങൾ വാങ്ങിവരുന്നു,
മഞ്ഞ നിറത്തിൽ
വിരോധിക്കാതിരിക്കലിന്റെ അമ്മമാർ വാതകൈയ്യിൽ എണ്ണയിടുന്നു,
മഞ്ഞ നിറത്തിൽ
അവഗണനയുടെ പൂച്ചകൾ ശാന്തരായിയുറങ്ങുന്നു,
മഞ്ഞ നിറത്തിൽ
പൂജാമുറിയിൽ കുരിശിൽ ചാരി നിന്നൊരുവൻ ഓടക്കുഴൽ വായിക്കുന്നു
“നഗരമേ ഒലീവിലകളെ തിരിച്ചു കൊണ്ടു വരിൻ”
മഞ്ഞ നിറത്തിൽ
അതേ മുറിയിൽ
നീല നിറത്തില്‍ ഉയർന്നിരിക്കുന്നവൻ
സ്വന്തം പെണ്ണിനെ കറുപ്പി എന്നു കളിയാക്കുന്നു,
അവൾ മഞ്ഞയിൽ പിണങ്ങി ചിണങ്ങുന്നു,
മഞ്ഞ നിറത്തിൽ
വീട്ടുമുറ്റത്തൊരു നഗ്നഭിക്ഷുവിന്‌ ഉടുപ്പുകൾ കിട്ടുന്നു
മഞ്ഞ നിറത്തിൽ
ആശുപത്രികളിൽ പ്രാർത്ഥനകൾ ദൈവത്തോട് വാദിക്കുന്നു
മഞ്ഞ നിറത്തിൽ
ബീഹാരി പണിക്കാർക്ക് പിന്നാമ്പുറങ്ങളിൽ പ്രഹരമേൽക്കുന്നു
അവരുടെ പായ്തലയണകളിൽ നിന്ന്
മഞ്ഞ നിറത്തിൽ
ഉപ്പുകൊഴുപ്പുകൾ പുറത്തുചാടുന്നു,
ആരോടെന്നില്ലാതെ അവർ പൊരുതുന്നു
മഞ്ഞ നിറത്തിൽ
രാത്രിപെണ്ണുങ്ങൾ
എന്നെവേണോയെന്നെവേണോന്ന്‍
ചോദിച്ചിറങ്ങി നടക്കുന്നു,
മഞ്ഞ നിറത്തിൽ
അവരുടെ കുഞ്ഞങ്ങൾ സ്വപ്നങ്ങളിൽ
തിളച്ചു തൂവിമറിഞ്ഞു പോവുന്നു
മഞ്ഞ നിറത്തിൽ
ആഡംബരദിവസങ്ങളിൽ
ഓർമ്മാതുരത്വം എന്ന കൊള്ളക്കാരന്‍
ഗ്രാമത്തെ നഗരത്തിലേയ്ക്ക് കൊള്ളയടിക്കുന്നു,
മഞ്ഞ നിറത്തിൽ
നഗരം സമ്പന്നമാവുന്നു,
എല്ലാവരും ഉത്തമരാകുന്നു

ലോകം മുഴവനും വിഹരിക്കുന്ന മഞ്ഞയിൽ,
ഞാൻ കാണുന്ന കൊന്നപൂവുകളിൽ,
എന്ത്‌ തീർത്തും മഞ്ഞനിറമില്ല ?!!



No comments:

Post a Comment