Sunday, February 18, 2018

ബാലകാണ്ഡം 1 - മൊത്തമായും അണ്‍പ്ലഗ്ഗ്ഡ്.

ബാലകാണ്ഡം 1 - മൊത്തമായും അണ്‍പ്ലഗ്ഗ്ഡ്.
*********************************************
കണ്ണൊന്ന്‌
മിന്നിച്ചെടുക്കാനുള്ള
നേരത്തിലാണൊക്കെ
ചെയ്തുവച്ചിരിക്കുന്നത്‌.
എല്ലാ പ്ളഗ്ഗുകളും
അവൾ അഴിച്ചു മാറ്റിയിട്ടീരിക്കാണ്‌.
വയറിലായിരുന്നപ്പോഴും
വളളികളാൽ കെട്ടിവച്ച
ജലാശയത്തെ
പൊട്ടിച്ചവളാണ്.
കൂട് വെച്ചിരുന്ന
വള്ളിയൂഞ്ഞാലുകൾ
വലിച്ചുള്ള ഈ കളി
അന്നും അവൾ കളിച്ചിരുന്നു.
അതെനിക്ക് മാത്രമല്ലേ അറിയൂ.
ടി.വി മൊബൈൽ പോലെയും
മൊബൈൽ മ്യൂസിക് സിസ്റ്റം പോലെയും
സർവത്ര മാറി
പെരുമാറി
ചെലയ്ക്കയാണ്‌.
ശരിക്കൊന്ന് നോക്കിക്കേ,
കൊത്തിയരിയാൻ വച്ച
പയർ വള്ളിയിലേക്കാണ്‌
മൊബൈൽ മാറ്റി
കുത്തിയിട്ടീരിക്കണത്.
പച്ച വിരിച്ച
തൂക്കുപന്തൽ
മനസ്സിലോര്‍ത്ത്
അത് ചാർജ്ജിൽ
കെടന്നു പാടി.
ആ പാട്ടില്‍
എപ്പോഴും
രണ്ടു കാടൊണ്ടാണ്ടായിരുന്നേ.
ചില കിളികള്‍
ചില വരികളിൽ
എത്തുമ്പോ മാത്രം
കാടുകളെ
പരസ്പരം
മാറ്റി വെച്ച്
കളിച്ചീരുന്നു,
ഒക്കെയും അവള്‍ പറഞ്ഞിട്ടാണ്.
ഇതൊക്കെ സഹിക്കാം,
കണ്ടോ ചെയ്‌തിരിക്കണത്.
ഇന്നലെ രാത്രി കൂടിയും
ഏത് കൈയ്യിൽ
പൊന്നെന്ന് കളിച്ച
കുന്നിനെയാണ്‌
കാച്ചാൻ വച്ചിരുന്ന
രണ്ടു ലിറ്റർ പാലിൽ
കമത്തീട്ടീരിക്കണത്.
ഒരു കുഞ്ഞിത്ര
കുന്നാവാമോ?
ഒരു കുന്നിനിത്ര
കൊച്ചാവാമോ?
അപ്പൊഴത്തെ
ദേഷ്യത്തിൽ
ആഞ്ഞൊന്ന്
കൊടുത്തതിനാണ്‌,
അവള്‍ടെ
ഒരു പെട്ടി പാവകൾ
ചിറികോട്ടുന്നത്.
അതില്‍ പ്രധാനി
ഉറങ്ങുന്നതിൽ തീരെ
അനുസരണയില്ലാത്ത
ഡിങ്കിണിമസ്സ് എന്ന പാവയാണ്.
ബിസ്കറ്റ് കൂടുകള്‍,
പൈനാപ്പിൾ ജാമൊള്ള ജാറുകള്‍,
ചീരയിലകൾ താങ്ങി പിടിച്ച നിക്കുന്ന ബേസിന്‍,
ചപ്പാത്തി കോല്, ചൂല്‌, മോപ്പ്, കോപ്പ്..
എന്ന് വേണ്ട സകലതുമൊണ്ട്.
നൈറ്റി തെറുത്തുകേറ്റി
താടിക്ക് കയ്യും കൊടുത്ത്
അടുക്കളയും വന്ന്‍ നിപ്പൊണ്ട്.
നോക്കു കൊണ്ടും
നാക്കു കൊണ്ടും
പ്രതിഷേധമാണ്.
പോരത്തതിന്‌
പാതീന്ന്‍
ഇറങ്ങിവന്നിരിക്കാ
പതയൊലിച്ച്
അടുത്ത വീട്ടീന്നൊള്ള
കുഞ്ഞുങ്ങളുടെ കുളിയും തേവാരവും,
പൊറകില്‍
അവരടെ കുളിമുറി,
ബക്കറ്റ്, മഗ്ഗ്, സോപ്പ് പെട്ടി...
ഇനീമൊണ്ട്
കുട്ടി പെട്ടി പരിവാരങ്ങള്‍
ഒക്കേം അവളുടെ സെറ്റാണ്.
രാധച്ചീടെ പശുമ്പകളും മോശല്ല,
ഒറ്റ ചെമ്പ് പാലോർത്തിട്ടാണ്‌.
അവറ്റകളെ
ആ പാട്ടിൽ പറയാറുള്ള
ചോലക്കാട്ടിൽ കൊണ്ട് തള്ളിയേനേ.
വീടും ചുറ്റുവട്ടങ്ങളും
അവൾക്ക് വേണ്ടി മാത്രം
കൊള്ളകൾ നടത്തുന്ന
അധോലോകം തന്നെ ആകും,
അതിലെനിക്ക് നല്ല പ്രതീക്ഷയൊണ്ട്‌
എങ്കിലും,
ഒരമ്മ എന്ന നിലയ്ക്ക്
ഞാൻ എങ്ങനെ സഹിക്കും?
ഉം.!!
രണ്ട് സ്റ്റോപ്പപ്പുറമുള്ള
എന്റെ വീട്ടിലേക്ക്
പോവാണ്‌.
അവിടെ
പുളിമരത്തിന്‍ കീഴെ
കെട്ടിയിട്ടിരിക്കുന്ന
എന്നെയൊന്ന്
ഉതിർത്തിട്ടിട്ട് വരാ.
അവിടൊരു
പിത്തള പെട്ടീൽ
അടഞ്ഞിരുന്നു
ശ്വാസം തീര്‍ന്ന്‍ പോയ
പഴയ ചില മത്തന്റെ വിത്തുകളുണ്ട്.
രണ്ട് വ്യത്യസ്ത കാലങ്ങളിൽ
നിന്നു കൊണ്ട്,
അവളും ഞാനും
ടെറസ്സിലേക്ക് പടരുന്നത് കാട്ടി തരാ..

No comments:

Post a Comment