Friday, March 21, 2014

നിഴൽ

തൃശൂലം കുത്തിക്കുത്തി
തടവെളിച്ചമണയ്ക്കുന്നു
ഡും ഡും ഡും ഡമരുവാൽ
മൂന്ന് ലോകത്തോടും
“അത്താഴപഷ്ണിക്കാരുണ്ടോ”എന്ന്
ഉൽക്കര്‍ഷിച്ച്
അടച്ച് പൂട്ടുന്നു
സ്വന്തം നിഴൽ നോക്കി
ജടാഫണിമണികൾ
അഴിച്ചു വയ്ക്കുന്നു,
ശക്തി എന്നൊരു കറുപ്പത്തി.

പുരുഷന്റെ ഉടലിൽ
സ്പർദ്ധയുടെ
ചെമ്പരത്തികളാണ്ട് ചെന്ന്‍
സിന്ദൂരം തുരന്നെടുക്കുന്നു,
കൊച്ചു രസത്തിന്റെ
സങ്കീര്‍ണതകൾ
ചെമ്പരത്തികള്‍
ചുവന്ന പോയതങ്ങനെയെന്ന്‍,
വസന്തം
ചുവന്ന പോയതങ്ങനെയെന്ന്‍,
അവൾ
ചുവന്ന പോയതങ്ങനെയെന്ന്‍,
ഒറ്റ പൂവ് കാട്ടി
അസങ്കീര്‍ണ്ണമാക്കും.

അരയിൽ നിന്നഴിഞ്ഞു
വീഴുന്നതും/വീഴാത്തതുമായ
കൈലാസത്ത്നിറെ
പാവാടകളാണ്‌,
അവള്‍ക്കെന്നും
രാത്രികൾ/പകലുകള്‍

ആകാശം നിറയെ
പാവാടകളിലെ
വെളുത്തപൂക്കളായെങ്കിലും,
മരങ്ങള്‍ക്ക് കീഴെ
എല്ലാ ഇലകള്‍ക്കും
ഒറ്റയൊരു
നിഴലായെങ്കിലും,

സൂപ്പര്‍സുരസുന്ദരീ,
നിന്റെ നാരങ്ങാമാലയിലും
മിനുക്കുസാരിയിലും
നീ നിന്നെയെന്നുറപ്പാക്കുന്ന
കരിനീലനിഴലിലും
നോക്കിയിരിപ്പാണ്

എന്റെ പണി.

1 comment: