Thursday, May 24, 2012

തത്തമ്മച്ചിത്രങ്ങൾ

സ്നേഹത്തെ കുറിച്ചു
സംസാരിക്കുമ്പോൾ
ഓരോ തൂവൽ പൊഴിക്കുന്ന
തത്തമ്മയുടെ പച്ച
സ്വപ്നം കാണുന്ന
യജമാനൻ
പച്ചത്തൂവലുകളുടെ
കാട്ടിൽ എന്നെ തനിച്ചാക്കുന്നു.

എല്ലാ യജമാനന്മാരിലും
ആനന്ദതുന്ദിലനായ
വേട്ടക്കാരനുണ്ട്.

എനിക്കും ഒരു വേട്ടക്കാരന്‍റെ സ്വരമായോ?

തടവറകളുടെ
സഹനചരിത്രത്തിൽ നിന്ന് സത്യമായും
എനിക്ക് നിങ്ങളെ മോചിപ്പിക്കണമെന്നുണ്ട്.
ചിറകുകളുടയാതെ ആകാശത്തിന്
തിരികെയേല്‍പ്പിക്കണമെന്നുണ്ട്.

ഏതെങ്കിലുമൊരു
അവസ്മരണീയ നിമിഷത്തിൽ
ചിറകുകള്‍ക്കടിയിലെ
മിന്നൽ വീണ്ടെടുത്ത് സ്വാതന്ത്ര്യത്തിന്റെ
അനന്തസാധ്യതകളിലേയ്ക്ക്‌ പറക്കുന്ന
കടല്‍ക്കാക്കയായി നീ മാറട്ടെ
എന്നൊരു ചാത്തന്‍മന്ത്രം ഒളിഞ്ഞുരുവിട്ടു
നിങ്ങളെ ഞാൻ പിടികൂടുകയാണ്.

എനിക്കും ഒരു വേട്ടക്കരാന്‍റെ മുഖമായോ?

യജമാനന്റെ കയ്യിലെ
മുരുക്കുവടി വലിച്ചെറിഞ്ഞ്
കൂടിലേയ്ക്കു
എന്നെ സ്വയമാവാഹിക്കവേ,

ആകാശത്ത്
പച്ച വാരിവലിച്ചു തേയ്ക്കുന്നു
തത്തകളുടെ ചെലപ്പുള്ള കുഞ്ഞുങ്ങൾ.
പല വട്ടം  പല വട്ടം
തുറന്നു നോക്കി  തുറന്നു നോക്കി
ആനന്ദപ്പെടുമ്പോൾ
എന്നിൽ നിന്ന്
പൊഴിഞ്ഞു വീണ
ആദ്യത്തെ തൂവലിന്,
ഒറ്റക്കിരുന്നൊരു
കുട്ടി നിറം കൊടുക്കുന്നു.



2 comments:

  1. തത്തമ്മപ്പേച്ചു മനോഹരമായിരിക്കുന്നു ... അല്ലെങ്കിലും അടിമക്ക് വിധി പകരക്കാരനാവാനാണ് .... അധികാര കസേരകളുടെ മുന്‍പിലെ ഒഴിഞ്ഞ കൂട്ടിലെ തത്തമ്മപേച്ചു കാര്‍ നമ്മളെന്നു ചിന്തിച്ചു പോവുന്നു...... ആശംസകള്‍ ചേച്ചീ ... :)

    ReplyDelete
  2. ഭംഗിയായി...സന്ദീപ് ലിങ്ക് തന്ന് വന്നതാണ്.


    [ഈ വേര്‍ഡ് വെരിഫികേഷന്‍ എടുത്തു മാറ്റിയിരുന്നെങ്കില്‍ വല്ലതും നാലു വാക്കെഴുതാന്‍ എളുപ്പമായിരുന്നു. കേള്‍ക്കുന്നുണ്ടോ....????]

    ReplyDelete