Wednesday, December 5, 2012

ആകാശങ്ങളും കടലുകളും വലിപ്പത്തിൽ നീ..!!

കടലിനടിയിലേയ്ക്ക്‌
പതിക്കാനൊരുങ്ങവെ
ആകാശത്തെ
ഇനി നീ പിടിക്കൂയെന്നു
മറ്റിലകൾക്കു കൈമാറികൊണ്ടാണ്‌
ഓരോ ഇലയും പൊഴിഞ്ഞു വീഴുന്നത്‌.

അലിയുന്നതിനു
തൊട്ടുമുമ്പുള്ള ആകാശത്തിലും
അടിത്തട്ടിലെ ശാന്തമായ
ആകാശത്തിലും
ശുഭാപ്തിവിശ്വാസികളായ
എന്റെ ഇലകൾ
പച്ച നക്ഷത്രങ്ങൾ പോലെ
നിറഞ്ഞു പരിവർത്തനപ്പെട്ടു.

ശൂന്യാകാശമെന്നു
നിന്നെ തള്ളിയെഴുതാൻ
ഞാൻ അനുവദിക്കുന്നില്ലല്ലോ.!!

സ്നേഹം ഒരു തടവറയാണെന്നു പാടിയത്‌ മതി..

ഏത്‌ കൂരിരുട്ടിലും
പ്രകാശപരവശനാകുന്ന
നഗരമെന്ന പോലെ
നീ
എനിക്കാകാശപ്പരപ്പോളം
സ്വാതന്ത്ര്യമാണ്‌....

എന്റെ പച്ചയില്ലായ്മയെ
പച്ച മാത്രമായി
നിന്നെ തോന്നിപ്പിക്കുന്ന
ആനന്ദവൈവശ്യമായ നിമിഷം
എന്നെ ഏത്‌ മരണത്തിൽ നിന്നും
വ്യതിചലിപ്പിക്കും.

ബാല്ക്കണിയിലിരുന്നു രണ്ടു പേർ
പച്ചയാകാശം കണ്ടോ
എന്നു ആശ്ചര്യതീവ്രരാകും.

നീ
ഇനി
കടല്പ്പരപ്പോളം സ്വാതന്ത്ര്യമാണ്‌..

മേഘങ്ങളുടെ വിരിപ്പ്‌
പിളർത്തുമ്പോൾ
അതേ ബാല്ക്കണിയിലിരുന്നവർ
പൊടിമീനുകളായി
നമ്മളുടെ വർത്തമാനത്തിന്റെ
വെളിച്ചത്തിളക്കത്തിലേയ്ക്ക്‌
സഞ്ചരിക്കുന്നത്‌
എത്ര വേഗതയിലാണ്‌.

കടലിനേയും
ആകാശത്തേയും
പരസ്പരം
കൈമാറിക്കടത്തുന്ന
രഹസ്യവൃത്തിയിൽ
നീയും ഞാനും വിജയിച്ചിരിക്കുന്നു.

നിന്നെ
ഒരേ സമയം
കടലായും
ആകാശമായും കാണുന്ന
എന്റെ വികല്പനകളിൽ
എന്തു കൊണ്ടാണെന്റെ
വസ്ത്രങ്ങളിൽ
കാട്ടിലകളേയും

മീനുകളേയും മണക്കുന്നത്‌..?!!

No comments:

Post a Comment