Sunday, June 22, 2014

തമിഴം

പഞ്ചവർണ്ണം എന്നത് ഇളംപച്ചയാണ്‌,

കുന്നിന്റെയോ/ കിണറിന്റേയോ രഹസ്യങ്ങളിലെ
തെളിഞ്ഞ വെള്ളത്തിനെ കയ്യിലെടുത്ത്
മുഖം കഴുകുന്ന രാവിലെകളാണ്‌.
കവിളുകളിൽ നിന്ന്
പറന്നുപോവുന്ന
ഒരു കെട്ട് തത്തമ്മയൊച്ചകളാണ്‌.

പളുങ്കുവളകൾ
കിണുക്കത്തിൽ
നനവു തൊടാത്ത
തൊണ്ടയിൽ നീട്ടുന്ന
പാൽ നുരഞ്ഞുപൊന്തുന്ന
ചായക്കൊപ്പമുള്ള
മധുരറൊട്ടിയാണ്‌.

കോലങ്ങളിൽ
നിറങ്ങൾ നോക്കാതെ വരുന്ന
നല്ല ശകുനങ്ങളാണ്‌.

ആദ്യപ്രേമത്തിന്റെ
അഴിഞ്ഞു പോകുന്ന
വൈക്കോൽക്കെട്ടുകളാണ്‌.

ഓട്ടങ്ങളുടെ പതർച്ചകളോടെ
പാവാടയിൽ മടക്കിക്കൊണ്ടുവന്നു
കുത്തനെ വീഴ്ത്തുന്ന
മുപ്പതോളം ഞാറപ്പഴങ്ങളാണ്‌,

എത്ര അടുത്താണ്‌ എന്ന്
മുലമൊട്ടുകളിൽ നിന്ന്
മായ്ക്കാൻ പറ്റാത്ത
കറയാണ്‌.

തക്കാളിയിട്ട് വഴറ്റുന്ന
രസത്തിലെ
കുരുമുളകിന്റെ
ചേരുവയാണ്‌.

വൈകുന്നേരങ്ങളിൽ
കേൾക്കുന്ന
നാടോടിപ്പാട്ടുകളാണ്‌.

ഉൽസവങ്ങളിൽ
മനസ്സിൽ പൊട്ടുന്ന
ലഡുക്കൊടമാണ്‌.

ഈ പ്രേമം
ഒരു പൊയ്ക്കാല്ക്കുതിരയാണ്‌,

അതിലെന്നും സവാരിക്ക് വന്ന്
കാൽവിരലിലിടുന്ന
വെള്ളിയിലുള്ള
നാഗപട മിഞ്ചിയാണ്‌.

കഥാപുസ്തകത്തിൽ
ഒട്ടകമായി
കടന്നുചെന്ന്‌
മേൽക്കെട്ടാകെ
കൈക്കലാക്കിയ
രാത്രിയിലെ
തണുപ്പാണ്‌.

പഞ്ചവർണ്ണം എന്നത് ഒരു പെൺകുട്ടിയേയല്ല.

No comments:

Post a Comment