Sunday, June 22, 2014

തിരിച്ചു വരാത്ത ബസ്സ്

1.
ഗർത്തങ്ങളുടെ നോട്ടം പോലെ
വ്യതിചലിപ്പിക്കാൻ പോന്നത്ര
പ്രലോഭനീയതയിൽ
നിങ്ങളുടെ കണ്ണുകളിലേയ്ക്ക്
വഴുതി വീഴാൻ തയ്യാറാവുന്നു
ഏറെക്കാലമായ
എന്റെ ബസ്സിരുപ്പുകൾ.

വെയിൽപക്ഷികൾ
കൊത്തിത്തിന്നെന്ന പോലെ
ആസക്തികൾ തുള വീഴ്ത്തിയ
കുട പിടിച്ച്
നിങ്ങൾ നില്ക്കുന്നത്
ഏത്സ്റ്റോപ്പിൽ?

പ്രിയങ്കരനായ യാത്രക്കാരാ,
ഓർമ്മയെ അടിവയറ്റിൽ
മോതിരമാക്കിയ
ഒരുവന്റെ അവസാനത്തെ
മറവിയിൽ നിന്നും പുറത്തുവരൂ.

ഞാൻ വന്നാൽ
എന്നോളം മാത്രമുള്ള
നിങ്ങളുടെ ശൂന്യത ഇല്ലാതാവുമെങ്കിൽ
കാലോചിതമല്ലാതെയോടി വന്ന്
കൈവിരലുകളെ കൂട്ടിയമർത്തിയിട്ടും
എന്റെ സ്നേഹത്തെ
പിൻവരിവിജനതയിലേയ്ക്ക്
തള്ളിവിടുന്നതെന്തിന് ?

എന്റെ ഏകാന്തത
അയൽ സീറ്റിലെ
കുഞ്ഞിന്റെ കരച്ചിൽ പോലെ
നിങ്ങൾക്കതൊന്നും
വിഷയമാകുന്നില്ലെങ്കിലും
പച്ച കൊണ്ടു തന്ന ദൈവത്തെ പോലെ
പ്രള(ണ)യം തീർന്നെന്ന്‌ മാത്രം പറയരുത്‌..

ഈ വായനയിൽ / വഴിയിൽ
ഇനി പാളിപോവില്ലെന്നുറപ്പിച്ച്
ബസ്‌ നമ്മളെ വായിച്ചെടുക്കുമ്പോൾ
നാം തന്നെ കാണാതെ
കെട്ടിപ്പിടിക്കുന്ന കൈവരകൾ വഴി
ജീവിതത്തിന്റെ അത്രയും നീളത്തിൽ
ഹൃദയത്തിലേയ്ക്കൊരു
സഞ്ചാരമുണ്ട്, പോകാം.

പരിചിതരെന്ന
കള്ളപേരുകളിലാണ് ഇനി,
നീയും ഞാനും.

2.
കാത്തിരിപ്പ്
എന്ന സഹനത്തെ
എന്തിനിനിയും സഹിക്കണം
എന്നോർത്ത്
കുഞ്ഞുങ്ങൾക്ക്
തിരിച്ചു വരാത്തൊരു ബസ്സിന്റെ
കഥ പറഞ്ഞുകൊടുക്കുന്നു,

വ്യാകുലപ്പെടില്ലെന്നുറപ്പിച്ചൊരു മാതാവ്‌.

No comments:

Post a Comment