Sunday, June 22, 2014

ഇന്‍സോമ്നിയ



ഉറങ്ങിത്തൂങ്ങുന്ന മറവികളെ
പാതിരാമണിനേരത്ത്
ഒന്ന് കൂടി ഭോഗിച്ചോട്ടെ എന്ന
കുലുക്കിവിളി കേട്ട്
കണ്ണ് തിരുമ്മിയുണരുന്ന
ഓര്‍മ്മകളുടെ ഉടലുകളിൽ നിന്ന്,

ചൂടിനെ തണുപ്പാക്കി പിഴിയും പോലെ
ഇരുട്ടില്‍ വെളിച്ചം കൊള്ളിയാനാവുന്ന പോലെ
നിലാവിന്റെ കരിനീലത്തരിപ്പാര്‍ന്ന വേദനകളെ
മുറിവുകളില്‍ നിന്നെടുത്ത് മാറ്റി
ഉറക്കമില്ലായ്മയിൽ  കണ്ണു കഴക്കുന്നു,
രാത്രിക്ക്

പുറത്തൊരു മഴ
തീവണ്ടി ചൂളങ്ങളുടെ പുച്ഛത്തെ
ശിഷ്ടിക്കാന്‍ തയ്യാറായിട്ടും
പാളങ്ങളില്‍ ഉറങ്ങാതെ ഉറച്ച് പോവുന്നു..

പുറത്ത് ചാടാന്‍ വെമ്പുന്ന
ജടവാരിയഴിച്ചിട്ട
അബലചപലാദിഭൂതങ്ങളെ
ശൂലം കുത്തിയുണര്‍ത്തുന്നു,
ഹേതുവായി
പശ്ചാത്തലത്തില്‍ ഹിന്ദോളം.


കണ്ണടയ്ച്ചാൽ
മരിച്ചുപോകുമെന്നാകെ,
ഉറങ്ങാതിരിക്കുന്നതും
ഉറക്കം വരാതിരിക്കുന്നതും പ്രണയമാണ്.

No comments:

Post a Comment