Friday, January 2, 2015

5‘ 0“


ക്ലാസിലപ്പോഴും
മുൻ ബെഞ്ചിന്റെ
നിരീക്ഷികാവസ്ഥയിലായിരുന്നിരിപ്പിൽ,

അസംബ്ലികളിൽ ഏറ്റം മുന്നിലെ
നോട്ടപുള്ളികളിലൊന്നായായിരുന്നു നില്പ്പിൽ,

ആന്തംസോങ്ങിന്റെ
ശ്വാസമടക്ക് അടക്കനാവതെ
കാക്കയെ പോലെയെന്റെ
തല തിരിപ്പുകളിൽ,

സ്കൂളിന്റെ എല്ലാ കണ്ണുകളും
എന്നെ മാത്രമെന്ന പൊക്കലിൽ,

ഉച്ചയൂണ്‌ വെട്ടിക്കുറച്ച്‌
പ്രിൻസിപ്പൾ നിർത്തിച്ച
വളവില്ലാത്ത
20
മിനിട്ട് നിൽപ്പിൽ

ലക്ഷ്മീ നിന്റെ അനിയത്തിയല്ലേയിതെന്ന
ചൂണ്ടുവാക്കിൽ നാണംകെട്ട് കൂമ്പിപ്പോയ
ചേച്ചിയുടെ പിണക്കത്തിന്റെ
പുറകെ നടക്കലിൽ,

ടാൾ, ഡാർക്ക്, ഹാന്റ്സം ഗയ്സിന്റെ
തിരസ്ക്കാരങ്ങളിൽ,

റബ്ബറിന്റെ ഉള്ളല്ലേ
വലിച്ചാൽ നീണ്ടേക്കാമെന്നും
തൂങ്ങിയാൽ ചിലപ്പോൾ നടന്നേക്കുമെന്ന
ഇല്ലാപൊക്കങ്ങളുടെ
ഹീൽസിട്ട് നടത്തങ്ങളിൽ,

എത്താതെ പോകുന്ന
കഥക്കിന്റെ നീട്ടിവയ്ക്കലുകളിൽ,

കാൽ സാരിയോളം
ഉള്ളിലേയ്ക്ക് ഇനിയുമോയെന്ന
മടക്കിക്കുത്തലിൽ

ഒരിത്തിരികൂടി തരാത്തതെന്താടോ
സൗന്ദര്യബോധമില്ലാത്ത ദൈവമേ
പൊക്കമേ പൊക്കമേ
എനിക്കിഷ്ടമല്ല 
നിന്നെയെന്ന്‌
പ്രാക്കോട് പ്രാക്കായിരുന്നു.
പ്പോൾപ്പോൾ മാത്രം,
കൃത്യമായി 
അവന്റെ നെഞ്ചിൽ 
അമർത്താനാവുന്ന ചെവിഘടനയിൽ
എനിക്ക് കേൾക്കാം
എനിക്ക് കേൾക്കാം എന്ന കാതലിൽ,

കാലമെന്നെയിങ്ങനെ
ചുരുട്ടി കുറുക്കിയാതാണെന്ന
കവിതയെ വലിച്ച് നീട്ടി പുറത്തിട്ടതിന്‌
എന്റെ പൊക്കമേ, എന്റെ പൊക്കമേ എന്ന്
നിന്നെ മാത്രം വിളിക്കുന്നു.

വണക്കം : 5' 9" എന്ന കവിതയോട്അതെഴുതിയ ദേവസേനയോട്. ( 




No comments:

Post a Comment