Friday, January 2, 2015

സ്വപ്നങ്ങൾക്ക് വിചാരിച്ചതിലേറേ കട്ടിയുണ്ട്.

ഇന്നലേയും എന്നെ നിങ്ങൾ രക്ഷിച്ചു.
അടിയന്തരഘട്ടങ്ങളിലെ ഫോഴ്സുകളെ
പ്രതിയുള്ള പ്രതിരോധ മാർഗ്ഗത്തിൽ
അയാള്‍ തലവനായിരുന്നു.
ഉറക്കങ്ങളുടെ
പല പല ജീപ്പുകൾ അയാൾക്കുണ്ടായിരുന്നു
പലരെയും അതിൽ കയറ്റിവിട്ടു രക്ഷപ്പെടുത്തുന്നുണ്ടായിരുന്നു.
തലയിൽ ചുവപ്പ്‌ നാട കെട്ടിയിരുന്നതിനാൽ
ഞാൻ അയാളെ മറക്കുകയില്ല.
കുഞ്ഞുങ്ങളെ ഇടുപ്പിൽ പൊക്കിയെടുത്ത്‌
ഇരുത്തുന്ന പോലെ
എന്നെയും ജീപ്പിനുള്ളിലിരുത്തി,
അവസാന നോട്ടം
എന്തോ വലിച്ചടയ്ക്കുന്ന ഒരു ശബ്ദം.

എനിക്കുള്ളിൽ ആ നേരം ഒരു ജീപ്പ്‌ ചീറിപ്പാഞ്ഞുപോയി.

വഴി നീളെ
ക്ലെപ്റ്റോമാനിയാക്കിന്റെ കുരങ്ങന്മാർ
ഞങ്ങളുടെ ജീപ്പിനു മേൽ
ചാടി വീഴുന്നുണ്ടായിരുന്നു.
ചുരുട്ടിപ്പിടിച്ച എന്റെ കയ്യിൽ
അയാളുടെ ചുവപ്പിന്റെ നാട ചുളുങ്ങിക്കിടന്നു,
ആരുമറിഞ്ഞില്ല അതൊന്നും,
ഇടക്കിടയ്ക്ക്‌ തുറന്നു നോക്കി
ഞാനൂറിച്ചിരിച്ചുറങ്ങിപ്പോയി.

ഒരേ സമയം തന്നെ
(അറിയിച്ചില്ല അറിഞ്ഞില്ല എന്നൊരു പരാതി / വഴക്ക്‌/ പിണക്കം ഏത്‌ നട്ടപ്പാതിരായ്ക്കും കണ്ണു തിരുമ്മി എണീയ്ച്ചു വരാം

ഒരേ സമയം തന്നെ
എന്റെ വലത്തേക്കണ്ണ്‌ ഒരു സ്വപ്നവും
ഇടത്തുള്ളത്‌ മറ്റൊന്നും കാണുന്നു.

എന്റെ മകന്‍ കളിക്കാൻ വരും.
വിദേശത്തുള്ള അവന്റച്ഛനെ വേണമെന്നു പറയും.
അച്ഛൻ പാടിക്കൊടുത്ത പൂതപ്പാട്ടിലെ പൂതങ്ങൾ
മുറികളിൽ വന്നു നിറയും.
ഞങ്ങൾ അവർക്ക്‌ ചുവന്ന തൊപ്പികൾ വച്ചു കൊടുക്കും.
മൂക്കുകളിൽ സ്റ്റാറുകൾ ഞാത്തിയിട്ട് അമ്മുമ്മമാർ
വെന്തല മറിയകളെ പോലെ
എന്നിൽ അലമ്പി കൊണ്ടിരിക്കും.
വിശദമാവാതെ വിഷാദമായി പോയ ക്രിസ്മസ്സിനെ
അപഹരിച്ചു കൊണ്ടു വന്നു
ചാരുകസേര അഥവാ കുരിശിൽ കെട്ടിയിടും,
ഇടത്തുള്ള കള്ളി വലത്തുള്ള കള്ളിയെന്നു ചൂണ്ടി
ഞാനും ഞാനും ഓടിക്കളിക്കും.

അതേ സമയം 2.44 നുള്ള
മറ്റേ സ്വപ്നത്തിൽ
എന്റെ കാമുകൻ
എന്നെ കാത്തുനില്ക്കുന്ന ഷൊർണ്ണൂർ പ്ലാറ്റ്ഫോം
എന്റെ വിരലിൻ ഇല്ലാത്ത നാടയിൽ ചുവന്നു കിടക്കും.
വണ്ടിയ്ക്കൊപ്പമോടുമ്പോൾ
തുരുതുരാന്ന് വാരിയെറിഞ്ഞ
അവന്റെ പച്ചക്കറിത്തോട്ടങ്ങൾ,
മകളുടെ മുഖം ചെത്തിവച്ച മത്തന്റെ കഷ്ണങ്ങൾ,
ക്യാരറ്റുകൾ,
പയറിന്റെ വള്ളികൾ.
നീട്ടിക്കൊടുക്കാത്ത
എന്റെ എല്ലാ വിരലുകൾക്കും അറ്റത്ത്‌
അവൻ നിരത്തിവയ്ക്കുന്ന
അവന്റെ പകർപ്പുള്ള തടവുകാരുണ്ട്‌.
ജനൽവരികളിൽ അവരൊക്കെ പയർവള്ളികൾ പോലെ ഞാന്നു കിടന്നു,
എന്നിലേയ്ക്ക് കയറി വരാതെ.

സ്വപനങ്ങള്‍ കൊണ്ടു
വീർത്ത് വീർത്ത് വരുന്ന കണ്ണുകളെ
വാഷ്ബേസിനിലിട്ട് കഴുകുമ്പോൾ
ആരവാരമൊരു ചിരി കേട്ട്
ഓടിവന്നു നോക്കുമ്പോൾ
രണ്ട് ജീപ്പുകളെ
കൂട്ടിമുട്ടിച്ച് കൂട്ടിമുട്ടിച്ച്
കളിക്കുന്നു മകൻ.

ഒന്നടങ്കം ഒരു ചുവപ്പ് നാട പോലെ പറന്നെന്നെനിക്ക് തോന്നിയെങ്കിലും,

കാലുകൾ പെട്ടുപോയിരിക്കുന്നു
അനന്തതയോളം.

No comments:

Post a Comment