Sunday, June 9, 2019

നാരങ്ങാമാലയും
മിനുക്കുസാരിയും
വൈരമൂക്കുത്തിയും
ഒന്നുമില്ലാത്ത
എന്റെ നിരാമയപ്രേമം.
മൂന്നാം കണ്ണിൽ നിറച്ചും
ചിതമ്പലുകൾ പൊഴിക്കുന്ന
ശതംശതം മീനുകളാണ്.
കൈ കുടന്ന
ഒരു മീന്‍കുട്ട പോൽ
അഭിനയിച്ചു കാട്ടുമ്പോൾ,
നിന്റെ കടലിനെയതിലേക്ക് വിളിക്കുമ്പോൾ,
കൈകുമ്പിളിൽ
ലോകത്തെ
കുഞ്ഞുപരല്മീനാക്കി
ശക്തീ വാ കളിക്കാൻ എന്ന് പണ്ട് വിളിച്ചതോർക്കുന്നു.
മറുകുകളിൽ കടലനക്കം ഇന്ന് കരിനീലത്തരിപ്പാര്‍ന്ന വേദനകൾ.
ത്രിശൂലത്താൽ
എന്റെ കവിതാ പുസ്തകത്തിൻ തലക്കെട്ട് മാറ്റിയെഴുതുന്നു.
ജടവാരിയഴിച്ചിട്ടയെൻ
അബലചപലാദിഭൂതങ്ങൾ.
ഹേതുവായി
പശ്ചാത്തലത്തില്‍
അന്നും ഇന്നും എന്നും ഹിന്ദോളം.
കണ്ണടയ്ച്ചാൽ
മരിച്ചുപോകുമെന്നാകെ,
ഉറങ്ങാതിരിക്കുന്നതും
ഉറക്കം വരാതിരിക്കുന്നതുമെന്താണ്?

No comments:

Post a Comment