Sunday, December 22, 2013

കണ്ണു തെറ്റിയാൽ


ഓടിക്കയറുകയാണ്‌,
മുറത്തിലേയ്ക്‌ ചീരയരിഞ്ഞിടുന്ന
കുഞ്ഞിനു കുറുക്ക്‌ തിളപ്പിക്കുന്ന
തെങ്ങിന്‌ തടമെടുക്കുന്ന
ഉച്ച വെയിൽ.

എല്ലാ വീടുകളിലും
എനിക്കുള്ള
ഉപ്പുനെല്ലിയ്ക്കകളുണ്ടാവും
എന്നോടിക്കയറി
കുപ്പിയിൽ കൈയ്യിട്ട്
എന്തിനിങ്ങനെ എരിയുന്നു
കാന്താരിയിലെന്ന്‌
വേദനിച്ച്‌ ചവയ്ക്കുമ്പോൾ

ഒരു പെൺകുട്ടി
ഒരു ആൺകുട്ടിക്ക്‌ വേണ്ടി
ഗൃഹാതുരത്വത്തിന്റെ
നഗരത്തെ പൊതിഞ്ഞെടുക്കുന്നു,
നിലാവത്ത്‌ ഞാൻ ഇറക്കി വിടാറുള്ള
ദിവാസ്വപ്നങ്ങളുടെ കോഴിയിട്ട മുട്ട
നീയിതില്‍ കൈ പൂഴ്ത്തി കണ്ടു പിടിക്ക്‌,
വൌവ്‌ ! ഹൌ ടെലീസിയസ്‌
എന്ന്‌ നിന്നെ കൊണ്ട്‌ പറയിക്കും.

ഒന്നു പറഞ്ഞോട്ടെ,
ഈ കോഴിയെ
ഞാൻ മോഷ്ടിച്ചത്,
പരിമളം എന്നു പേരുള്ള
തമിഴത്തിയുടെ
വിയർപ്പു നാറ്റമുള്ള
സഞ്ചിക്കുള്ളിലെ
ചിത്രത്തിൽ നിന്നാണ്‌.
ചുണ്ട് വരച്ചതും
അനന്തസാധ്യതകളിലത്‌
കൂവാൻ തുടങ്ങി,
തുപ്പൽ തൊട്ട്
മായ്ച്ചിട്ടും മായ്ച്ചിട്ടും
കൂവൽ മാത്രം നിന്നില്ല.

അവൾ സഞ്ചി ഉപേക്ഷിച്ചോടി പ്പോയി.

കൂവലുകളുള്ള സഞ്ചിയും
സഞ്ചിയിലുള്ള ചിത്രവും
ചിത്രത്തിലെ കോഴിയും
കോഴി കണ്ട നിലാവും
നിലാവിന്റെ കഥ കേൾക്കേണ്ടി വന്ന ആൺകുട്ടിയും,
ഇതൊക്കെ അപ്പാടെ വിശ്വസിച്ച നിങ്ങളും
എത്ര ബുദ്ധിപരമാനന്ദലളിതമായി
എനിക്കുള്ളതായി.

കണ്ണു തെറ്റിയാൽ
ഇതിലൊക്കെ എനിക്കെന്ത് കാര്യം എന്നോർത്ത്
വീടുകളിൽ കയറി ഉപ്പുനെല്ലിയ്ക്കകൾ

തിന്നു കൊണ്ടിരിക്കിയാണ്,
വെയിൽ

1 comment: