Monday, July 14, 2014

റിഫ്ലെക്സ്

പൂർണ്ണചന്ദ്രന്റെ ജീവിതമെന്ന്‌ തോന്നിച്ചിരുന്ന മുറിയിൽ
ഉന്മത്തമായ ഗ്രഹണത്തിന്‌ തയ്യാറെന്നവണ്ണം
ഇരുട്ടിന്റെ ഏറ്റവും വലിയ പൂജ്യമായി
മാറിക്കൊണ്ടിരുന്ന പോലെയായിരുന്നു
ആ പോക്ക്‌,

പരമാർത്ഥത്തിൽ
വെരുകിന്റെ കടുകുകൾ പൊട്ടിക്കാൻ
മെഴുകുതിരികൾ
മാലാഖമാരാണെന്ന
വെട്ടത്തെ
ഏകാന്തതയുടെ
സഞ്ചിയിൽ തപ്പേണ്ടതുണ്ട്,

പാഞ്ഞുപോയ
വാൽനക്ഷത്രങ്ങൾക്ക്
എന്റെ കല്ലുകളെയെടുക്കാനാവുന്നില്ല,
കൂട്ടിച്ചേർത്തിട്ടും
ചിറകുകൾ തുമ്പികളായതുമില്ല.

ഈ ഭ്രമണപഥം
പ്രേമമാണ്‌

പരമ പ്രേമമാണെന്ന്‌
കറക്കി കറക്കി
മുറിയെ വലിച്ചുകൊണ്ടുപോവുന്നു.
വീഴാതിരിക്കാൻ
വിടാപ്പിടുത്തത്തിലായിരുന്നു.
നമ്മൾ ! ഈ വീഴൽ !!

പൊട്ടല്ലേ,
എന്നെപ്പോഴോയൂതി
കൈകൾക്കുള്ളിൽ നിർത്തിയ കുമിളയിൽ
ജാഗ്രതയുടെ ഭൂഗോളം,
ഭാരിക്കാതിരിക്കാൻ
നമ്മുക്ക് നമ്മളെ സ്വതന്ത്രരാക്കാം.

എന്നുവരുകിലും,
തിരിച്ചെറിഞ്ഞു കൊടുത്തതിനൊക്കെയും
ഗുരുത്വമേ,
ഒരു സന്ധിസംഭാഷണ സംഭവത്തിലെന്ന പോലെ
തിരിച്ചറിയലിന്റെ ആപ്പിളുകളായി
നിനക്ക്‌ ആഖ്യാനിക്കേണ്ടി വരും.

No comments:

Post a Comment