Monday, July 7, 2014

ഒരേ പേരുകാര്‍



വെണ്ണപ്പഴമെന്നലച്ചലച്ച്‌
കുടിച്ചതിൽ, 
ഇലുമ്പിപ്പുളിപ്പാണ്‌,

അങ്ങനെയായിരിക്കിലും
കയ്യിലുള്ളതൊക്കെ നിനക്ക്‌ തന്നു.
ഒന്നുമില്ലാത്തവളായി മാറിയത്‌ അങ്ങനെയാണ്‌.

അടക്കിവെയ്ക്കലുകളുടെ
മടിക്കുത്തിൽ
നിന്നൂർന്നകന്നുരുണ്ടുപോകുന്ന ഞങ്ങൾ
ഞങ്ങൾക്ക്‌ പിന്നാലെയോടുന്ന ഞങ്ങൾ,

ചീറിവന്ന സ്നേഹത്തിൽ 
അരഞ്ഞ് തീർന്നതും ഓർമ്മയുണ്ട്.

പറന്നുപോയ
ഞങ്ങളിൽ നിന്ന്...
ഞങ്ങളിൽ നിന്ന്‌ 
പറന്നുപോയ
ഗുബ്ബി പക്ഷികൾ
പേരില്ലായ്മയുടെ
ശാഖകളിലിരുന്ന്‌
ഞങ്ങളിരുന്ന
ഓരോ മരത്തിന്റെ ഭാവങ്ങളെ
ആംഗ്യത്തിലൂടെ
പറയിക്കും,

പച്ച കർട്ടന്റേയും
ദീർഘാബോധത്തിന്റേയും
ഇടയ്ക്കുള്ള ഇടങ്ങള്‍ക്കിരുപുറവും നിന്ന്‍

(
മിണ്ടാത്തൊരു നീളത്തിന്റെ തടാകമാകാം, വയലാകാം, നാട്ടു പാതയാകാം, നഗരമാവാം, റെയില്‍വേപ്ലാറ്റ്ഫോമാകാം, ഹൈവേകളാകാം ഒന്നുമല്ലെങ്കില്‍ ഒരു ഓടച്ചാല്‍ പോലുമാവാം )

ഉച്ചത്തിൽ
ഉച്ചത്തിൽ
ഇന്നലെകളുടെ
ഞങ്ങളേ 
ഞങ്ങളേ
എന്നു വിളിക്കുന്നു,

ആദ്യത്തെ പേരിടലിന്റെ
വെറ്റിലയ്ക്കും ചെവികള്‍ക്കുമെന്ന പോലെ.




No comments:

Post a Comment