Saturday, July 19, 2014

ഗാസയെ മാറ്റി വായിക്കുന്നു

കവിതയ്ക്കുള്ളിലിരുന്നാൽ
നേടാനാവാത്തതിന്‌ 
ശ്രമിക്കുകയെന്നാൽ
അത് നേടുക എന്നതാവുമോ

ഒരു ലോകം
പലതുടലുകളായ
ഒരുടൽ പോലെ
നിശ്ചലതയിൽ
പൊട്ടിത്തൂവാൻ നില്ക്കുമ്പോൾ
ഒരു ഭാഷ കൊണ്ടതിനെ
ചാടിപ്പിടിക്കാൻ
കവിതയ്ക്കുള്ളിലിരുന്നാൽ
സാധിക്കുമെന്നാണോ

വെറുതെയെങ്കിലും
യുദ്ധാസക്തികളുടെ
തോക്കുകൾക്ക്‌
തുമ്പിൽ ചെന്ന്‌
ഒരു ചെപ്പടിഞൊട്ടിൽ
ഇത്‌ വെറുമൊരു പൂച്ചെണ്ടാണല്ലൊയെന്ന
സരളമാക്കുന്നതാവുമോ

വെടിയുണ്ടകളുടെ
വഴികളിൽ
ഒരു മൂക്കാൽ
കടൽ നിറയ്ക്കണം,
തണുപ്പ്‌ തുപ്പണം,
ഉന്നം കിട്ടിയില്ലല്ലോയെന്ന
വഴിപിഴച്ചലയലിൽ
ഹുങ്കുന്നതാവുമോ

പാവനമായ ബോംബിൽ
നിന്നോടുന്നവളുടെ
മുടികളിലെ ആകമാനദു:ഖത്തെ
വാരിയെല്ലിന്റെ
ഗോവണികൾ വഴിയാൽ
പൊളിച്ചെടുത്ത തേനറകളിൽ ചെന്ന്‌
ഹൃദയത്തെയിറ്റിച്ച്
നാവാലുഴിഞ്ഞ്
ചലങ്ങളെ ഇളഭ്യരാക്കുന്നതാവുമോ

പൂട്ടിട്ട കാലുകളിൽ
മിന്നായമിട്ട്‌
ഏത്‌ ചങ്ങലയ്ക്കും
സ്വഭാവരാഹിത്യം
സംഭവിക്കാമെന്ന്
വെറുതെയാണെങ്കിലും
കൊള്ളി വാക്കെറിയാനുകുന്നതാകുമോ

ആയിരം യുദ്ധവിമാനങ്ങൾക്ക്‌ നേർക്ക്
തോറ്റവരുടെ
ആകാശനിശബ്ദതയുടെ
ഒറ്റ ചീറൽ മതി,
തിരോധാനിക്കപ്പെട്ട
മേഘങ്ങളുടെ
കണ്ണീർപീരങ്കികളാവുന്നതാവുമോ

മടുപ്പിന്റെ
കുട്ടികളേയും കൂട്ടി
പുകക്കറകളിൽ നിന്ന്‌
നക്ഷത്രങ്ങളെ
മോചിപ്പിച്ചെടുക്കുന്നതാവുമോ

പത്തടിയകലെ നില്ക്കുന്ന
മരണത്തിന്റെ തലവനോട്‌
ക്ഷമിക്കണം
ഒഴിവില്ല
പിന്നൊരിക്കൽ വരൂയെന്ന്‌
തലയാട്ടുന്നതാവുമോ

ഇക്കവിതയിൽ ഇതിനൊന്നും വകതിരിവില്ലെങ്കിലും,

ആരോ എന്നെ കേട്ടതായി തോന്നും എനിക്കപ്പോൾ.



No comments:

Post a Comment