Friday, February 27, 2015

കുരുങ്ങിയ പാട്ടില്‍ കരച്ചിലുകള്‍ കോര്‍ക്കുന്നത്

കുരുങ്ങിയ പാട്ടില്‍ കരച്ചിലുകള്‍ കോര്‍ക്കുന്നത്

ആ കഥയിൽ
പറഞ്ഞ പോലെ തന്നെ
99 -)o ദിവസം
അവൻ പോയി.

പോകുമെന്ന്
ഒരിക്കലും പറഞ്ഞിരുന്നില്ല.

ആ ദുരൂഹതയിലാണ്
കരച്ചിൽ തുടങ്ങുന്നത്.

നാം ജീവിച്ചിരുന്ന
ആ പാട്ടില്ലേ.

നീണ്ട കൂർത്ത
ചുണ്ടുകളുണ്ടായിരുന്നു
അതിലെ
3.33 മിനിറ്റിൽ
സംഭവിക്കുന്ന
ആലിംഗനത്തിന്.

കഴുകന്റെ
മൂർച്ചയുള്ള
പ്രേമം.

എനിക്ക് മേൽ
അത്
ചിറക് വിരിച്ചു നിന്നു.

അതെന്നെ
ആവർത്തിച്ച്
കൊത്തി കൊണ്ടിരുന്നു.

ഞാൻ കുരുങ്ങി
വലിഞ്ഞ്
ചുരുണ്ട്
ചുളിഞ്ഞ്.

എനിക്ക് കരയണമായിരുന്നു.

കരച്ചിൽ
പൊങ്ങി വന്ന്
ഒരു കൂറ്റൻ വെള്ളപൊക്കമായി.

എന്റെ വേദന
കുന്നിൻപുറം
കവിഞ്ഞ്,

പുഴകൾ
പിടിച്ച്

വരമ്പുകൾ
വാരി

റോട്ടിലൂടെ
കുത്തിമറിഞ്ഞ്

കെട്ടിടങ്ങളെ
വലിച്ചെടുത്ത്

ഞാൻ പരന്നു, ഒഴുകി, കെട്ടിനിന്ന്, പിന്നും ഗതിയറ്റലഞ്ഞു.

അവൻ ഇല്ലാത്ത ജനൽ.

കണ്ണുകൾ,
മൂക്ക്,
ചുണ്ടുകൾ,
കവിളുകൾ,
കക്ഷങ്ങൾ,
മുലകള്‍,
പൊക്കിൾ,
യോനി,
വിരലറ്റങ്ങൾ,
വാരിയെല്ലുകൾ,
എന്ന് വേണ്ട
എല്ലായിടങ്ങളിലും
നിന്ന്‌ കണ്ണീര്‍ വന്നു.

എനിക്കെന്നിട്ടും കരയണമായിരുന്നു.

ഉടലാകെ
കരച്ചിൽ വന്നു.

ഉടൽ
തികയാതെ വന്നു.

അവന്‌ വേണ്ടി കരയാൻ
ആ 3.33 മിനുറ്റ് കുത്തിനിറച്ച
ഉടലുകളെ തപ്പി
കിളികളുടെയടുത്ത് പോയി.
മീനുകളുടെടെയടുത്ത് പോയി
തവളകളുടെ,
മരങ്ങളുടെ,
ഇലകളുടെ,
ഇരുട്ടിന്റെ,
വെളിച്ചത്തിന്റെ,
ശബ്ദത്തിന്റെ,
നിശ്ശബ്ദത്തിന്റെ.

അനവധി ഉടലുകളിലിരുന്നു
ഞാൻ സന്തോഷത്തോടെ
അവന് വേണ്ടി കരഞ്ഞു.

ഉടലുകളില്‍
മാറി മാറിയിരുന്ന്‍
കരഞ്ഞിട്ടും
എനിക്കെന്തോ മതി വന്നില്ല.

കരച്ചിലിന്റെ
എല്ലാ അലങ്കാരങ്ങളിലും
ഞാൻ
സർവ്വാംഗ രാജ്ഞിയായി
വിളങ്ങി.

പ്രേമത്തിന്റെ
മുനമ്പിൽ നിന്ന്
പിന്നിലേക്ക്
തള്ളിയിടും
മുന്നേയുള്ള
ആ മുറുക്കനെ പിടുത്തം

ഓർത്തപ്പോ
ഓർത്തപ്പോ

എനിക്ക്‌
ഇനീം ഇനീം
കരച്ചിൽ വരുന്നുണ്ട് കേട്ടോ.

No comments:

Post a Comment