Tuesday, June 26, 2012

അലമാരകള്‍ ഇനിയും തുറക്കപ്പെടും..!!


വല്ലപ്പോഴും തുറക്കുന്ന
“പൂര്‍വ്വകാലം” എന്ന് പേരുള്ള
പഴക്കം ചെന്ന അലമാരയാണത്.

അറ്റത്തൊരു വെള്ളപൊട്ടിന്റെ
ഉഴറ്റുന്നൊരു പൊള്ളലിൽ
പഴയ ചുംബനങ്ങൾ
ഇവിടെ തന്നെ ഉണ്ടെന്നറിയിക്കാൻ
പല്ലിക്കാട്ടങ്ങളായി
അവിടവിടെ കിടപ്പുണ്ട്

ദീര്‍ഘകാലത്തെന്നോ
അലയാൻ വിട്ട
പല പല ഓര്‍മ്മകൾ
പല പല വാസനകളിലുണ്ട്.

വിലപിടിച്ചവയെന്തെങ്കിലും
കിട്ടുമെന്നാശിച്ച്
മരയഴിയിൽ
പരപരാന്നു പരതവേ
കൈതട്ടിയൊരു സുഗന്ധക്കുപ്പി
വാസനിക്കുന്നത് പോലെ,
തലയണയ്ക്കുള്ളിൽ മുഖം പൂഴ്ത്തുമ്പോൾ
കിട്ടുന്നതെന്തോ,
മഴ വീണ ചുടുക്കട്ടയിൽ
നിന്ന് കിട്ടുന്നതെന്തോ,
കര്‍പ്പൂരയിലയിട്ട തുണിപ്പെട്ടിയിൽ
നിന്ന് കിട്ടുന്നതെന്തോ,

ഒരടക്കിപ്പിടിശ്വാസത്തിൽ
നമുക്ക് തിരിച്ചുകിട്ടുന്നത്,
നമ്മെ തൂവിത്തുലയ്ക്കുന്നത്,
നിന്നെ തന്നെ
ഇനിയും വേണം
എന്ന മണം..

അലമാര നീലക്കടലാവുന്നു.
അത് ചാടിക്കൊത്താൻ വരും മത്സ്യം
നമ്മുടെ സ്നേഹം..
കുമിളകളുടെ വെള്ളിവല
ചന്നം പിന്നമാക്കി
അനേകമായിരമായി
മല്‍സ്യങ്ങളുടെ സഞ്ചാരനിര.

മുട്ടിപ്പോയ നമ്മുടെ മിണ്ടാട്ടത്തിനു
ചെകിളച്ചെമ്പരത്തിയിൽ
ശ്വാസം പിടിച്ചിരിക്കുന്ന പോലെ
തുറന്നുപറയലുകൾ
ആശ്വാസമാകുന്നു..

പിളർത്തിയെടുക്കുമ്പോഴുള്ള
ഗന്ധമൃഗത്തിന്റെ
തൊണ്ടയിലെ നോവല്ല എനിക്ക്,
ആ വിധവുമല്ല
നീ ഗന്ധമാവുന്നത്.

നിനക്ക് പൂക്കളുടെ ഗന്ധം
നിന്നെത്തേടി പൂമ്പാറ്റകൾ എത്തി..
ഞാൻ പൂമ്പാറ്റകളുടെ പ്രധാനിയായി

നിനക്ക് പഴങ്ങളുടെ ഗന്ധം
നിന്നെത്തേടി പറവകൾ എത്തി
ഞാൻ പറവകളുടെ പ്രമാണിയായി..

നിനക്ക് മരുന്നുചെടികളുടെ ഗന്ധം,
നിന്നെത്തേടി  രോഗികളെത്തി
ഞാൻ രോഗികളുടെ രക്ഷകനായി.

നിന്നെയും ഗന്ധങ്ങളെയും
ശൂന്യതയിൽ ഒളിപ്പിച്ച് വച്ച്
ഇനി തുറക്കില്ലെന്ന്  ഉറപ്പാക്കി
ഈ അലമാര ഞാൻ പൂട്ടിട്ട് വയ്ക്കുന്നു.







3 comments:

  1. താല്പര്യത്തോടെ വായിച്ചു. കവിതയെ കുറിച്ച് പറയാന്‍ അറിയാത്തത് കൊണ്ട് ആശംസകള്‍ നേര്‍ന്നു പോകുന്നു .

    ReplyDelete
  2. ഒരലമാര നിറയെ പല്ലിക്കാട്ടങ്ങള്‍. തുറക്കണോ വേണ്ടയോ......? ജീവന്മരണസന്ദേഹത്തിലാണ്.

    ReplyDelete
  3. നന്നായിട്ടുണ്ട് .... ആശംസകള്‍

    ReplyDelete